മധ്യപ്രദേശിൽ ക്ലാസില്‍ കുടചൂടി കുട്ടികള്‍; നിലത്തിരുന്ന് പഠനം

ഭോപ്പാല്‍: മഴയത്ത് കുടചൂടി, ബെഞ്ചുകളും മേശകളും ഇല്ലാതെ നിലത്തിരുന്ന് ക്ലാസ് കേൾക്കുന്ന കുട്ടികൾ. മധ്യപ്രദേശിലെ ഒരു സർക്കാർ സ്കൂളിന്‍റെ ദുരവസ്ഥ സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനത്തെ ഒരു സ്കൂൾ എന്ന നിലയിൽ പോസ്റ്റുകൾ നിരവധി പ്രതിപക്ഷ നേതാക്കളും കോൺഗ്രസും ഏറ്റെടുത്തിരിക്കുകയാണ്.

മധ്യപ്രദേശിലെ സെയോണി ജില്ലയിലെ ഗൈരികലയിലുള്ള ഒരു സർക്കാർ സ്കൂളിന്‍റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. സംസ്ഥാനത്തെ ഭൂരിഭാഗം സർക്കാർ സ്കൂളുകളുടെയും അവസ്ഥ ഇതാണെന്നും ഇതാണ് ശിവരാജ് സർക്കാരിന്റെ യഥാർത്ഥ അവസ്ഥയെന്നും കോൺഗ്രസ് ആരോപിച്ചു.

ഒരു കൈയിൽ കുടയും മറുകൈയിൽ പുസ്തകവുമായി വിദ്യാർത്ഥികൾ ക്ലാസ് മുറിയിൽ ഇരിക്കുന്നത് വീഡിയോയിൽ കാണാം. ക്ഷുദ്രജീവികള്‍പോലും തകർന്ന കെട്ടിടങ്ങളും ജനലുകളും ക്ലാസ് മുറികളിൽ പ്രവേശിക്കാറുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചു. കോൺഗ്രസ് നേതാവ് നരേന്ദ്ര സലൂജയാണ് വീഡിയോ ട്വീറ്റ് ചെയ്തത്.