തമിഴ്നാട്ടിൽ വൈസ് ചാൻസലർ പദവി കോടികൾക്ക് വിറ്റു; പഞ്ചാബ് ​ഗവർണർ ബൻവാരി ലാൽ പുരോഹിത്

ന്യൂഡല്‍ഹി: തമിഴ്നാട്ടിലെ വൈസ് ചാൻസലർ സ്ഥാനം 40-50 കോടി രൂപയ്ക്ക് വിറ്റെന്ന് ആരോപിച്ച് പഞ്ചാബ് ഗവർണർ ബൻവാരി ലാൽ പുരോഹിത്. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. പഞ്ചാബിലെ സർവകലാശാലകളുടെ പ്രവർത്തനത്തിൽ താൻ ഇടപെടുന്നുവെന്ന ആരോപണം അദ്ദേഹം നിഷേധിച്ചു.

വൈസ് ചാൻസലർമാരുടെ നിയമനങ്ങളിൽ തനിക്ക് പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നാല് വർഷം തമിഴ്നാട് ഗവർണറായിരുന്നു. അവിടെ വൈസ് ചാൻസലറുടെ നിയമനം വളരെ മോശമായിരുന്നു. വൈസ് ചാൻസലർ പദവി 40-50 കോടി രൂപയ്ക്ക് വിൽക്കുകയായിരുന്നു.

എന്നാൽ താൻ അവിടെ ഗവർണറായിരുന്നപ്പോൾ സാഹചര്യം മാറി. തമിഴ്നാട്ടിലെ 27 സർവകലാശാലകളിലായി 27 വിസികളെ നിയമിച്ചു. പഞ്ചാബ് സർക്കാർ എന്നിൽ നിന്ന് പഠിക്കണം. പഞ്ചാബിൽ ആരാണ് കഴിവുള്ളവരും കഴിവുകെട്ടവരും എന്ന് എനിക്കറിയില്ല. പക്ഷേ, ഇവിടെ വിദ്യാഭ്യാസം മെച്ചപ്പെട്ടു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തമിഴ്നാടിനും കേരളത്തിനും സമാനമായി പഞ്ചാബിലും സർവകലാശാല വൈസ് ചാൻസലർമാരുടെ നിയമനത്തെച്ചൊല്ലി സർക്കാരും ഗവർണറും തമ്മിൽ തർക്കം നടക്കുന്നുണ്ട്.