തലസ്ഥാനത്തെ യുദ്ധക്കളമാക്കാൻ രാഷ്ട്രീയ ഗൂഢാലോചനയെന്ന് വി ശിവൻകുട്ടി
തിരുവനന്തപുരം : തലസ്ഥാനത്തെ യുദ്ധഭൂമിയാക്കാൻ ഗൂഡാലോചനയുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി. യൂത്ത് കോൺഗ്രസുക്കാരെ ഇളക്കിവിട്ട് അക്രമം നടത്തുകയാണ് ലക്ഷ്യം. അക്രമത്തിന് പിന്നിൽ രാഷ്ട്രീയ ഗൂഢാലോചനയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ച പ്രതികളെ കെ.സുധാകരൻ സന്ദർശിച്ചത് ഗൂഢാലോചനയുടെ ഭാഗമാണ്. ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കാനുള്ള ഒരു ശ്രമവും വിലപ്പോവില്ല. ജനവിരുദ്ധ ശക്തികൾ ഇപ്പോൾ അക്രമം അഴിച്ചുവിടുകയാണെന്നും അദ്ദേഹം പറഞ്ഞു.
അടിസ്ഥാനരഹിതമായ ആരോപണങ്ങളിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷ സംഘടനകൾ പ്രക്ഷോഭം നടത്തുന്നത്. ഈ ആരോപണങ്ങൾ ഉന്നയിച്ചവർക്ക് ഒരു തെളിവ് പോലും ഹാജരാക്കാൻ കഴിഞ്ഞിട്ടില്ല. ജനങ്ങൾ എല്ലാം തിരിച്ചറിയുമെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.