മൂവാറ്റുപുഴയിൽ ഗർഭസ്ഥ ശിശു മരിച്ച സംഭവത്തിൽ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും
മൂവാറ്റുപുഴ: കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ ഗർഭസ്ഥ ശിശു മരിച്ചതിനെക്കുറിച്ചുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കുഞ്ഞിന്‍റെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. യഥാസമയം ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുഞ്ഞ് മരിച്ചതെന്ന് കുട്ടിയുടെ അമ്മ റഹീമ നിയാസ് പരാതി നൽകിയിരുന്നു. ഇതേതുടർന്നാണ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ തീരുമാനിച്ചത്.
പേഴക്കാപ്പിള്ളി സ്വദേശി റഹീമ നിയാസിന്‍റെ പിഞ്ചുകുഞ്ഞ് മരിച്ചതിനെച്ചൊല്ലി കഴിഞ്ഞ ദിവസം മൂവാറ്റുപുഴ സബൈൻ ആശുപത്രിയിൽ സംഘർഷമുണ്ടായിരുന്നു. കുഞ്ഞ് അനങ്ങുന്നില്ലെന്ന് സംശയിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഇവർ ആശുപത്രിയിലെത്തിയത്. സ്കാനിംഗ് കഴിഞ്ഞ് ഒന്നര മണിക്കൂറിന് ശേഷമാണ് കുഞ്ഞ് മരിച്ചതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഇതോടെ ബന്ധുക്കൾ ബഹളമുണ്ടാക്കുകയും ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ചെയ്തു.
കൃത്യമായ ചികിത്സ ലഭിക്കാത്തതിനെ തുടർന്നാണ് കുട്ടി മരിച്ചതെന്നാണ് ബന്ധുക്കളുടെ പരാതി. എന്നാൽ ഇത് ആശുപത്രി അധികൃതർ തള്ളിക്കളയുകയാണ്. ഇവർക്ക് ചികിത്സ ലഭിക്കാത്ത സാഹചര്യമുണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ആശുപത്രിയിൽ എത്തുമ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നും ഗർഭപാത്രത്തിലെ ദ്രാവകം കുറഞ്ഞതിനാൽ രണ്ടാഴ്ച മുമ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ നിർദ്ദേശിച്ചിരുന്നുവെന്നും ചികിത്സിക്കുന്ന ഡോക്ടർ വിശദീകരിച്ചു.