വരും വര്‍ഷങ്ങളില്‍ കേരളത്തെ സമ്പൂര്‍ണ്ണ കാര്‍ബണ്‍ ന്യൂട്രല്‍ സംസ്ഥാനമാക്കും; കൃഷിമന്ത്രി പി പ്രസാദ്
തിരുവനന്തപുരം: വരും വർഷങ്ങളിൽ കേരളത്തെ സമ്പൂർണ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കി മാറ്റുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് കൃഷിമന്ത്രി പി പ്രസാദ്. എനർജി മാനേജ്മെന്‍റ് സെന്‍റർ ‘കാർഷിക മേഖലയിലെ ഊർജ്ജ പരിവർത്തനം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച ദ്വിദിന ശിൽപശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കാലാവസ്ഥാ വ്യതിയാനവും പാരിസ്ഥിതിക പ്രതിഭാസങ്ങളും കെട്ടുകഥകളാണെന്ന ധാരണ നമുക്കുണ്ടായിരുന്നുവെന്നും പക്ഷേ, വെള്ളപ്പൊക്കവും ഓഖിയും നമുക്ക് പാഠമായെന്നും അദ്ദേഹം പറഞ്ഞു.
കാർഷിക മേഖലയെ കാർബൺ ഡൈ ഓക്സൈഡിൽ നിന്നും മുക്തമാക്കുന്നതിലൂടെയും പരിസ്ഥിതി സൗഹൃദ ഊർജ്ജ ഉപഭോഗത്തിലൂടെയും കേരളം ഈ നേട്ടം കൈവരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ആദ്യ ഘട്ടത്തിൽ സംസ്ഥാന സർക്കാരിൻ്റെ കീഴിലുള്ള കാർഷിക ഫാമുകൾ കാർബൺ രഹിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. സമയ പരിധി നിശ്ചയിച്ച് കാർബൺ ബഹിർഗമനവും മലിനീകരണവും ഇല്ലാതാക്കാൻ അന്താരാഷ്ട്ര ഉച്ചകോടികളിൽ രാജ്യങ്ങൾ തമ്മിൽ ധാരണയായിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, പുനരുപയോഗിക്കാവുന്ന സൗരോർജ്ജം ഉൾപ്പെടെയുള്ള ഊർജ്ജ സ്രോതസ്സുകൾ കാർഷിക മേഖലയിൽ ഉൾപ്പെടെ ഉപയോഗിക്കണമെന്നും പറഞ്ഞു.
കാർഷിക ആവശ്യങ്ങൾക്കുള്ള പമ്പുകൾ ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഊർജ്ജ ക്ഷമതയും പരിസ്ഥിതി സൗഹൃദവുമായിരിക്കണം. കുട്ടനാട് ഉൾപ്പെടെയുള്ള കാർഷിക മേഖലകളിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഉപകരണങ്ങൾക്ക് പകരം മെച്ചപ്പെട്ടവ നൽകാനുള്ള പ്രവർത്തനങ്ങൾ തുടരുകയാണ്. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കും കർഷകർക്കും സമയബന്ധിതമായി പരിശീലനം നൽകാനാണ് കൃഷിവകുപ്പ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായി ചേർന്ന് പരിശീലന പരിപാടികൾ നടത്തുമെന്നും ഇതിനായി എനർജി മാനേജ്മെന്‍റ് സെന്‍ററിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പരിപാടി ഉചിതമാണെന്നും മന്ത്രി പറഞ്ഞു.