ഭാവിയില്‍ ടെസ്‌ല ലോകത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയാവും; മസ്‌ക്
അമേരിക്ക: ഓഹരി വിപണിയെ പരിഗണിക്കേണ്ടതില്ലെന്ന് ടെസ്ല സിഇഒ ഇലോൺ മസ്ക്. ടെസ്ലയുടെ ഓഹരി വില കുത്തനെ ഇടിയുന്ന സമയത്താണ് ജീവനക്കാർക്ക് മസ്കിൻ്റെ നിർദ്ദേശം. ടെസ്ല ഭാവിയിൽ ലോകത്തിലെ ഏറ്റവും മൂല്യവത്തായ കമ്പനിയായി മാറുമെന്നും ജീവനക്കാർക്ക് അയച്ച ഇ-മെയിലിൽ മസ്ക് പറഞ്ഞു.
പാക്കേജിന്‍റെ ഭാഗമായി ടെസ്ല ജീവനക്കാർക്ക് ഓഹരികൾ നൽകിയിട്ടുണ്ട്. ഓഹരിയുടമകളായ ജീവനക്കാരുടെ ആശങ്കകൾ അകറ്റാൻ കൂടി വേണ്ടിയിട്ടാണ് മസ്ക് ഇ-മെയിൽ സന്ദേശം അയച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധികൾ ഇലക്ട്രിക് വാഹനങ്ങളുടെ ഉൽപാദനത്തെയും ആവശ്യകതയെയും ഒരുപോലെ ബാധിച്ചു. ഡിമാൻഡിലെ ഇടിവ്, മസ്കിന്‍റെ ഓഹരി വിൽപ്പന, ട്വിറ്റർ ഏറ്റെടുക്കൽ എന്നിവയും ടെസ്ലയുടെ ഓഹരി വിലയെ സ്വാധീനിച്ചു.
2022 ന്‍റെ തുടക്കം മുതൽ കമ്പനിയുടെ ഓഹരികൾ 69 ശതമാനം വരെ ഇടിഞ്ഞു. ജനുവരിയിലെ 399 ഡോളറിൽ നിന്ന് 121.82 ഡോളറാണ് ടെസ്ല ഓഹരികൾക്ക് ഇപ്പോൾ വില. വിൽപ്പന വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ടെസ്ല യുഎസിലും ചൈനയിലും തങ്ങളുടെ മോഡലുകൾക്ക് ഡിസ്കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ, ഉൽപാദനം വർദ്ധിപ്പിക്കാൻ മസ്ക് അതിന്‍റെ ജീവനക്കാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.