സ്വർണക്കടത്തിൽ സിബിഐ അന്വേഷണം വേണം: സ്വപ്ന പ്രധാനമന്ത്രിക്ക് കത്തയച്ചു

പാലക്കാട്: നയതന്ത്ര സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനും സംസ്ഥാന സർക്കാരിനുമെതിരായ ആരോപണങ്ങളും കത്തിലുണ്ട്. സ്വർണക്കടത്തിന്റെ സൂത്രധാരൻ ശിവശങ്കർ ആണെന്നും സർക്കാരിന് വേണ്ടിയാണ് എല്ലാം ചെയ്തതെന്നും കത്തിൽ പറയുന്നു.

കേസിൽ കസ്റ്റംസും ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) നടത്തുന്ന അന്വേഷണം ശരിയല്ല. ഇഡിയുടെ അന്വേഷണം തൃപ്തികരമാണ്. പ്രധാനമന്ത്രിയെ നേരിൽ കാണാൻ അനുമതി നൽകണമെന്നും കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

രഹസ്യമൊഴിയുടെയും പുതിയ വെളിപ്പെടുത്തലുകളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് ഇഡി സ്വപ്നയ്ക്ക് നോട്ടീസ് നൽകിയിരുന്നു. ബുധനാഴ്ച ഹാജരാകാനിരിക്കെയാണ് സ്വപ്ന പ്രധാനമന്ത്രിക്ക് കത്തയച്ചത്.