രണ്ടുവര്‍ഷത്തിനുള്ളിൽ കേരളത്തിലും 130 കിമീ വേഗതയിൽ ട്രെയിൻ ഓടും!

തിരുവനന്തപുരം: രാജ്യത്തെ തിരഞ്ഞെടുത്ത റെയിൽവേകളിൽ എക്സ്പ്രസ് ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 130 കിലോമീറ്ററായി ഉയർത്താനാണ് ഉദ്ദേശിക്കുന്നത്. ഇതിന്‍റെ ഭാഗമായി അടുത്ത രണ്ട് വർഷത്തിനുള്ളിൽ ഷൊർണൂർ-മംഗലാപുരം, തിരുവനന്തപുരം-കായംകുളം, ആലപ്പുഴ-എറണാകുളം, ഷൊർണൂർ-പോത്തന്നൂർ റൂട്ടുകളിൽ മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടും. 

ഇതിനായി റെയിൽവേ ലൈൻ ശക്തിപ്പെടുത്താനും സിഗ്നൽ സംവിധാനം നവീകരിക്കാനുമാണ് നീക്കം. 2024-2025 സാമ്പത്തിക വർഷത്തോടെ പദ്ധതി പൂർത്തിയാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതോടൊപ്പം ആറക്കോണം-ജോലാർപ്പേട്ട്, എഗ്‌മോർ-വിഴുപുരം, തിരുച്ചിറപ്പള്ളി-ദിണ്ടിഗൽ പാതകളും മണിക്കൂറിൽ 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാൻ നവീകരിക്കും.

134 കിലോമീറ്റർ ദൈർഘ്യമുള്ള ചെന്നൈ-ഗുണ്ടൂർ പാതയിൽ നടത്തിയ വേഗ പരിശോധനയുമായി ബന്ധപ്പെട്ട പത്രക്കുറിപ്പിലാണ് റെയിൽവേ അധികൃതർ ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച പരീക്ഷണയാത്രയിൽ മണിക്കൂറിൽ 143 കിലോമീറ്റർ വേഗതയിൽ വരെ ട്രെയിൻ ഓടിച്ചു. 134 കിലോമീറ്റർ താണ്ടാൻ 84 മിനിറ്റ് വേണ്ടിവന്നു.