സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം; ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും

സംസ്ഥാനത്ത് ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി മുതൽ പ്രാബല്യത്തിൽ വരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻറെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജൂൺ 9ന് അർദ്ധരാത്രി 12 മുതൽ ജൂലൈ 31ന് അർദ്ധരാത്രി വരെ 52 ദിവസം ട്രോളിംഗ് നിരോധനം വേണമെന്ന് തീരുമാനിച്ചു. ഉപജീവനത്തിനായി ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികൾക്കും അനുബന്ധ തൊഴിലാളികൾക്കും സൗജൻയ റേഷൻ വിതരണം ഈ കാലയളവിൽ ഊർജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.

കേരളത്തിൽ 4500 ട്രോളിംഗ് ബോട്ടുകളുണ്ട്. ട്രോളിംഗ് നിരോധന കാലയളവിൽ ഹാർബറുകൾ പരമ്പരാഗത ബോട്ടുകൾക്ക് മാത്രമായി തുറക്കും. ഹാർബറുകളിലും ലാൻഡിംഗ് സെൻററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകളും അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. മത്സ്യക്കച്ചവടം മുതൽ ഐസ് പ്ലാൻറുകൾ വരെയുള്ള അനുബന്ധ തൊഴിൽ മേഖലകളിലും ട്രോളിംഗ് നിരോധനം പ്രതിഫലിക്കും. തീരദേശ, ആഴക്കടൽ മേഖലകളിൽ പരിശോധന കർശനമാക്കാനും ഫിഷറീസ് വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.