സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയരുന്നു
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും ഉയരുകയാണ്. തുടർച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം ആയിരം കടന്നത്. ബുധനാഴ്ച 1370 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 1197 പേർക്കാണ് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചത്. നിലവിൽ 6,462 പേരാണ് നിരീക്ഷണത്തിലുള്ളത്. പോസിറ്റിവിറ്റി നിരക്ക് 8.77 ശതമാനമായി ഉയർന്നു. കഴിഞ്ഞ ഒരാഴ്ചത്തെ ശരാശരി 7.38 ശതമാനമാണ്. ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ മരണസംഖ്യ 69,753 ആയി ഉയർന്നു. എറണാകുളം, തിരുവനന്തപുരം, കോട്ടയം ജില്ലകളിലാണ് ഏറ്റവും കൂടുതൽ രോഗികളുള്ളത്. എറണാകുളം ജില്ലയിൽ ബുധനാഴ്ച 463 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. തിരുവനന്തപുരത്ത് 239 പേർക്കും കോട്ടയത്ത് 155 പേർക്കും കോഴിക്കോട് 107 പേർക്കും രോഗം സ്ഥിരീകരിച്ചു.