സംസ്ഥാനത്ത് സ്‌കൂളുകളില്‍ ഇന്ന് മുതല്‍ കുടിവെള്ള പരിശോധന

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഇന്ന് മുതൽ വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കുടിവെള്ള പരിശോധന നടത്തും. വിദ്യാർത്ഥികൾക്കിടയിൽ ഭക്ഷ്യവിഷബാധയേറ്റ പശ്ചാത്തലത്തിലാണ് പരിശോധന നടത്താൻ തീരുമാനിച്ചത്.

വിദ്യാഭ്യാസം, ആരോഗ്യം, ഭക്ഷ്യവകുപ്പുകൾക്ക് പുറമെ വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥരും സ്കൂളുകൾ സന്ദർശിക്കുന്നുണ്ട്. സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ജലസാമ്പിളുകൾ ശേഖരിക്കും. കുടിവെള്ളത്തിനായി ആശ്രയിക്കുന്ന കിണറുകൾ, കുഴൽക്കിണറുകൾ, പൈപ്പ് ലൈനുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തും.

വാട്ടർ അതോറിട്ടിയുടെ 86 ലാബുകളുടെയും ഭൂഗർഭജല വകുപ്പിൻറെ ലബോറട്ടറികളുടെയും സൗകര്യങ്ങൾ പരിശോധനയ്ക്ക് ഉപയോഗിക്കും. സ്കൂളുകളിലെ ഭക്ഷ്യവിഷബാധയുടെ പ്രധാന കാരണം കുടിവെള്ളം മൂലമാകാമെന്ന് സംശയിക്കുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് പരിശോധനയും നടത്തുന്നത്.