യുഎഇയില്‍ നിന്നുളള ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി വിമാനക്കമ്പനികൾ

യു.എ.ഇ.യിൽ സ്കൂൾ അവധി ആരംഭിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്തി. ദുബായ് ഉൾപ്പെടെയുള്ള എമിറേറ്റിലെ സ്കൂളുകൾ അടുത്തയാഴ്ചയോടെ മധ്യവേനലവധിയിലേക്ക് കടക്കും. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ അവധിക്ക് ശേഷം സെപ്റ്റംബർ ആദ്യവാരം സ്കൂളുകൾ വീണ്ടും തുറക്കും. ജൂലൈ രണ്ടാം വാരമാദ്യം ബക്രീദ് അവധിയുമാണ്. അവധി ദിവസങ്ങളിൽ നാട്ടിലേക്ക് പറന്ന് പെരുന്നാള്‍ ആഘോഷിക്കാമെന്ന് കരുതുന്നുവെങ്കിൽ, ടിക്കറ്റ് വില സാധാരണ പ്രവാസിയുടെ പോക്കറ്റ് കാലിയാക്കും. കോവിഡ് സാഹചര്യം കാരണം കഴിഞ്ഞ രണ്ട് വർഷമായി നാട്ടിലേക്ക് പോകാതിരുന്ന പലരും ഇത്തവണ കുടുംബത്തോടൊപ്പം നാട്ടിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഉയർന്ന വിലയ്ക്ക് ടിക്കറ്റ് വാങ്ങി യാത്ര ചെയ്യേണ്ട സാഹചര്യമാണ് നിലവിലുള്ളത്.

എമിറേറ്റ്സ് എയർലൈൻസിൽ ജൂലൈ രണ്ടിന് ദുബായിൽ നിന്ന് കൊച്ചിയിലേക്ക് ഒരാൾക്ക് 50,000 രൂപയാണ് മിനിമം നിരക്ക്. എയർ ഇന്ത്യ എക്സ്പ്രസിന് 43,000 രൂപയാണ് വില. കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളുടെ നിരക്കും സമാനമാണ്. നാലു പേരടങ്ങുന്ന ഒരു കുടുംബത്തിന് മിനിമം ടിക്കറ്റിനായി മാത്രം നാല് ലക്ഷത്തിലധികം രൂപ നീക്കിവയ്ക്കേണ്ടി വരുമെന്നാണ് ഇതിനർത്ഥം. അബുദാബിയിൽ നിന്നാണ് യാത്ര ചെയ്യുന്നതെങ്കിൽ നിരക്ക് ഇനിയും ഉയരും.

കൂടാതെ, പല തീയതികളിലും ടിക്കറ്റുകൾ ലഭ്യമല്ല. ടിക്കറ്റ് നിരക്ക് കുറയുമെന്ന പ്രതീക്ഷയിൽ മാസങ്ങൾക്ക് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവരുമുണ്ട്. മുംബൈ വഴിയുള്ള കണക്ടിംഗ് ഫ്ലൈറ്റിൽ മാത്രമേ സീറ്റ് ഉള്ളൂ. അതിനാൽ, നേരിട്ടുള്ള വിമാന സർവീസുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ദുബായിൽ നിന്നും അബുദാബിയിൽ നിന്നുമുള്ള കണക്ഷൻ ഫ്ലൈറ്റുകളുടെ നിരക്കിൽ നേരിയ കുറവുണ്ട്. ജൂലൈ രണ്ടാം വാരം വരെ കേരളത്തിലേക്കുള്ള മിക്ക വിമാനത്താവളങ്ങളിലും ഇതേ നിരക്കായിരിക്കും ഈടാക്കുക.