വീഡിയോയിൽ പാകിസ്ഥാൻ ക്രിക്കറ്റ് താരം; ഉർവശി റൗട്ടേലയ്ക്കെതിരെ സൈബർ ആക്രമണം

ന്യൂഡൽഹി: പാകിസ്ഥാൻ ക്രിക്കറ്റ് താരത്തിന്‍റെ വീഡിയോ ഇൻസ്റ്റഗ്രാം റീൽ ഷെയർ ചെയ്ത ബോളിവുഡ് നടി ഉർവശി റൗട്ടേലയ്ക്ക് എതിരെ സൈബർ ആക്രമണം. പാകിസ്താന്‍റെ യുവ പേസർ നസീം ഷായുടെ വീഡിയോയാണ് താരം പോസ്റ്റ് ചെയ്തത്. പാകിസ്താനി നടന്‍റെ വീഡിയോ ബോളിവുഡ് നടി പങ്കുവച്ചതാണ് ആരാധകരെ പ്രകോപിപ്പിച്ചത്.

ഏഷ്യാ കപ്പിലെ ഇന്ത്യ-പാക് മത്സരം കാണാനാണ് നടി യുഎഇയിലെത്തിയത്. മത്സര ദിവസം ടിവിയിൽ കാണിച്ച തന്റെ ദൃശ്യമാണ് ഉർവശി സ്റ്റാറ്റസ് ഇട്ടത്. നസീം ഷായുടെ ദൃശ്യങ്ങളും ഇതിൽ ഉൾപ്പെടുകയായിരുന്നു. ഏഷ്യാ കപ്പ് മത്സരത്തിനിടെ 19 വയസ്സുകാരനായ നസീം ഷായ്ക്കു പരുക്കേറ്റിരുന്നു. ടൂർണമെന്റിൽ മൂന്ന് മത്സരങ്ങളിൽനിന്ന് താരം അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി.

ഇതാദ്യമായല്ല ഉർവശി ക്രിക്കറ്റ് താരങ്ങളുടെ പേരിൽ വിവാദത്തിലാകുന്നത്. ഇന്ത്യയുടെ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തുമായി ബന്ധപ്പെട്ട് ഉർവശി നടത്തിയ ചില പ്രസ്താവനകൾ അടുത്തിടെ വാർത്തകളിൽ നിറഞ്ഞിരുന്നു. മിസ്റ്റർ ആർപി ഹോട്ടലിൽ തനിക്കായി മണിക്കൂറുകളോളം കാത്തിരുന്നെന്നായിരുന്നു ഉർവശിയുടെ ആരോപണം. ‘മിസ്റ്റർ ആർപി’ എന്നത് ഋഷഭ് പന്താണെന്നാണു വിലയിരുത്തൽ. എന്നാൽ പ്രശസ്തിക്കുവേണ്ടിയാണ് ഇത്തരം നടപടികളെന്നു പന്ത് സമൂഹമാധ്യമത്തിൽ തിരിച്ചടിച്ചു.