വട്ടവടയില്‍ ഭൂമി വിണ്ടു താണു; ഇടുക്കി ഡാമില്‍ ബ്ലൂ അലര്‍ട്ട്‌

തൊടുപുഴ: ഇടുക്കി ജില്ലയിലെ മൂന്നാർ വട്ടവടയിൽ വൻ കൃഷിനാശം. 10 ഏക്കറിലെ കൃഷി നശിച്ചു. വട്ടവടയിലെ കർഷകനായ അയ്യപ്പന്‍റെ കൃഷിയിടത്തിലെ 10 അടിയോളം ഭൂമി വിണ്ട് താണു. മൂന്നാറിൽ കനത്ത മഴ തുടരുകയാണ്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴയില്ല. ഏഴിടങ്ങളിലായി 128 പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നത്.

അതേസമയം ഇടുക്കി ഡാമിൽ ബ്ലൂ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജലനിരപ്പ് 2375.53 അടിയിലെത്തി. വൈഗ ഡാമിന്‍റെ ഏഴ് ഷട്ടറുകളും തുറന്നിട്ടുണ്ട്. മുല്ലപ്പെരിയാർ ജലം കൊണ്ടുപോകുന്നതിന്റെ അളവ് തമിഴ്നാട് കുറച്ചു. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 134.85 അടിയിലെത്തി. ജലനിരപ്പ് 137 അടിയിലെത്തിയാൽ ആദ്യ മുന്നറിയിപ്പ് നൽകും.