സുരക്ഷാജീവനക്കാരെ മ‍ർദിച്ച സംഭവം; പ്രതിഷേധം ശക്തമാക്കാൻ കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ഉദ്യോഗസ്ഥരെ ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്. പ്രതികൾക്ക് ജാമ്യം ലഭിച്ച സാഹചര്യത്തിൽ പ്രതിപക്ഷ നേതാവിന്‍റെ നിർദേശപ്രകാരമാണ് കോൺഗ്രസ് സമരത്തിലേക്ക് കടക്കുന്നത്.

അതേസമയം, കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുരക്ഷാ ജീവനക്കാർ ബുധനാഴ്ച കോടതിയെ സമീപിക്കും. നിലവിൽ പൊലീസ് നടത്തുന്ന അന്വേഷണം തൃപ്തികരമല്ലെന്നും കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടത്തണമെന്നുമാണ് സുരക്ഷാ ജീവനക്കാരുടെ ആവശ്യം.

ഇനിയും അറസ്റ്റിലാകാത്തവരെ പൊലീസ് സഹായിക്കുന്നുവെന്ന് ആരോപിച്ച് വിമുക്തഭടൻമാരുടെ സംഘടന ശനിയാഴ്ച കമ്മീഷണറുടെ ഓഫീസിലേക്കും തിങ്കളാഴ്ച കളക്ടറേറ്റിലേക്കും പ്രതിഷേധ മാർച്ച് നടത്തും. സംഭവത്തിൽ ഡിവൈഎഫ്ഐ നേതാവ് അരുണാണ് ഒന്നാം പ്രതി.