സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവം; 2 ഡിവൈഎഫ്ഐ പ്രവർത്തകർ കൂടി കീഴടങ്ങി

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ സുരക്ഷാ ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ 2 ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൂടി കീഴടങ്ങി. നിഖിൽ സോമൻ, ജിതിൻ രാജ് എന്നിവരാണ് ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് കീഴടങ്ങിയത്.

എന്നാൽ, കേസിൽ അറസ്റ്റിലായ അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. മെഡിക്കൽ കോളേജിലെ കരാർ ജീവനക്കാരായ സുരക്ഷാ ഉദ്യോഗസ്ഥർ ആരോഗ്യ പ്രവർത്തകരുടെ പരിധിയിൽ വരുന്നില്ലെന്ന പ്രതികളുടെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യം അനുവദിച്ചത്. മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്.

ഓഗസ്റ്റ് 30നാണ് സംഭവം നടന്നത്. അനുമതിയില്ലാതെ ആശുപത്രിയിലേക്ക് കടക്കാൻ ശ്രമിച്ച ഡി.വൈ.എഫ്.ഐ ജില്ലാ നേതാവിനെയും കുടുംബത്തെയും തടഞ്ഞ സുരക്ഷാ ജീവനക്കാരെ മറ്റൊരു സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു. സംഭവം ചിത്രീകരിച്ച മാധ്യമ പ്രവർത്തകനും മർദ്ദനമേറ്റു. അക്രമത്തിൽ മൂന്ന് സുരക്ഷാ ജീവനക്കാർ ഉൾപ്പെടെ 4 പേർക്ക് പരിക്കേറ്റിരുന്നു.