വിമാനത്തിൽ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവം; ആരോപണ വിധേയന് യാത്രാവിലക്ക്

ന്യൂഡല്‍ഹി: വിമാനത്തിനുള്ളിൽ മദ്യലഹരിയിലായിരുന്ന യാത്രക്കാരന്‍ സഹയാത്രികയുടെ ദേഹത്ത് മൂത്രമൊഴിച്ച സംഭവത്തില്‍ യാത്രക്കാരന് യാത്രാവിലക്ക് ഏർപ്പെടുത്തി എയർ ഇന്ത്യ. ഒരു മാസത്തേക്കാണ് വിലക്ക്. ഇതുമായി ബന്ധപ്പെട്ട് തുടർനടപടികൾക്കായി ഡിജിസിഎയ്ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും സംഭവത്തിൽ ക്യാബിൻ ക്രൂവിന് വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കാൻ ആഭ്യന്തര സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും എയർ ഇന്ത്യ പ്രസ്താവനയിൽ പറഞ്ഞു.

സംഭവത്തിൽ ആരോപണ വിധേയനായ യാത്രക്കാരനെതിരെ പൊലീസിൽ പരാതി നൽകിയതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു. യാത്രക്കാരിയുടെ പരാതി പുറത്തുവന്നതോടെ ഡിജിസിഎ എയർ ഇന്ത്യയോട് റിപ്പോർട്ട് തേടിയിരുന്നു.

നവംബർ 26ന് ന്യൂയോർക്കിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം. ടേക്ക് ഓഫിന് ശേഷം ലൈറ്റുകൾ അണച്ച പിറകെ ബിസിനസ് ക്ലാസിൽ മദ്യലഹരിയിലായിരുന്ന സഹയാത്രികൻ യുവതിയുടെ അടുത്തെത്തി പാന്‍റിന്‍റെ സിപ്പ് അഴിച്ച് ലൈംഗികാവയവം പ്രദര്‍ശിപ്പിച്ച ശേഷം ദേഹത്ത് മൂത്രം ഒഴിക്കുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ജീവനക്കാരോട് പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ലെന്നും യാത്രക്കാരി ആരോപിച്ചിരുന്നു. പിന്നീട് ടാറ്റാ ഗ്രൂപ്പ് ചെയർമാൻ എൻ. ചന്ദ്രശേഖരന് രേഖാമൂലം പരാതി നൽകിയതോടെയാണ് സംഭവം പുറത്തറിയുന്നത്.