കടപ്പത്ര ആദായത്തില്‍ വർധനവ്; രാജ്യത്തെ പലിശ നിരക്കുകള്‍ ഉയർന്നേക്കും

സർക്കാർ കടപ്പത്ര ആദായത്തില്‍ കുതിപ്പ് തുടരുന്നു. രാജ്യത്ത് പലിശ നിരക്ക് ഇനിയും ഉയരുമെന്നതിന്‍റെ സൂചനയാണിതെന്ന് വിദഗ്ധർ പറയുന്നു. 10 വർഷത്തെ സർക്കാർ ബോണ്ടുകളുടെ ആദായം മൂന്ന് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്തി. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) ബുധനാഴ്ച വായ്പാ നയം പ്രഖ്യാപിക്കാനിരിക്കെ, ആദായം 7.54 നിലവാരത്തിലേക്ക് ഉയർന്നു.

ചൊവ്വാഴ്ച മാത്രം 4 ബേസിസ് പോയിന്‍റ് വർധനവ് രേഖപ്പെടുത്തി. തിങ്കളാഴ്ച 7.50 ശതമാനത്തിൽ ആണ് ക്ലോസ് ചെയ്തത്. അന്താരാഷ്ട്ര വിപണിയിൽ ബ്രെന്‍റ് ക്രൂഡ് വില ബാരലിന് 120 ഡോളറിലെത്തിയതോടെയാണ് വർധന. രാജ്യത്തെ അസംസ്കൃത എണ്ണയുടെ ആവശ്യകതയുടെ 80 ശതമാനവും ഇറക്കുമതിയെ ആശ്രയിച്ചിരിക്കുന്നു.

കോവിഡ് -19 നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ ചൈന തയ്യാറെടുക്കുമ്പോൾ ആവശ്യകതയിലെ വർധന ക്രൂഡ് ഓയിൽ വില വീണ്ടും കൂട്ടും. റഷ്യ-ഉക്രൈൻ സംഘർഷം തുടരുന്നതിനാൽ വിലക്കയറ്റം തൽക്കാലം കുറയാൻ സാധ്യതയില്ലെന്ന് സൂചിപ്പിക്കുന്നു.