പെൻഷൻ പ്രായ വർധന യുവാക്കളോടുള്ള ചതിയെന്ന് വി.ഡി.സതീശന്‍
കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെൻഷൻ പ്രായം കൂട്ടിയത് സർക്കാർ സർവീസുകളിലും പെൻഷൻ പ്രായം ഉയർത്താനുള്ള തീരുമാനത്തിന്‍റെ തുടക്കമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തൊഴിലില്ലായ്മ അതിരൂക്ഷമായ സാഹചര്യത്തിൽ പ്രതിപക്ഷവുമായോ യുവജന സംഘടനകളുമായോ ആലോചിക്കാതെ പെൻഷൻ പ്രായം വർധിപ്പിക്കാനുള്ള തീരുമാനം യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്ന് അദ്ദേഹം പറഞ്ഞു.
പെൻഷൻ പ്രായ വർധനവിനെതിരെ ശക്തമായ നിലപാടെടുത്ത സി.പി.എമ്മും എൽ.ഡി.എഫിലെ ഘടകകക്ഷികളും വീണ്ടും അധികാരത്തിൽ വന്നപ്പോൾ വഞ്ചനാപരമായ തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്. ഡി.വൈ.എഫ്.ഐ ഉൾപ്പെടെയുള്ള സംഘടനകൾക്ക് ഇക്കാര്യത്തിൽ എന്താണ് പറയാനുള്ളത്? പെൻഷൻ പ്രായം 55 വയസ്സിൽ നിന്ന് 56 ആക്കി ഉയർത്താൻ കഴിഞ്ഞ സർക്കാർ തീരുമാനിച്ചപ്പോൾ അതിനെതിരെ തെരുവിലിറങ്ങിയവർ ഇപ്പോൾ ഒറ്റയടിക്ക് അത് 60 ആക്കി ഉയർത്തി. യുവജനങ്ങളുടെ ഭാവിയിൽ കരിനിഴൽ വീഴ്ത്തുന്ന തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്താണെന്ന് സർക്കാർ വ്യക്തമാക്കണം. കേരളത്തിലെ യുവാക്കളെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിർക്കും. സർക്കാർ തീരുമാനത്തിനെതിരെ യൂത്ത് കോൺഗ്രസ് ഉൾപ്പെടെയുള്ള യു.ഡി.എഫ് യുവജന സംഘടനകൾ പ്രതിഷേധിക്കുമെന്നും സതീശൻ പറഞ്ഞു.
സി.പി.എം തങ്ങളുടെ യുവജന-വിദ്യാർത്ഥി സംഘടനകളുടെ അണികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. തൃശൂരിലെ എസ്എഫ്ഐ ജില്ലാ സെക്രട്ടറി പൊലീസിന്‍റെ സാന്നിധ്യത്തിലാണ് പ്രിൻസിപ്പലിന്‍റെ കാൽമുട്ട് ഒടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്‍റെയും മുന്നിൽ വച്ച് ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാൻ പൊലീസിന് കഴിയുന്നില്ലെങ്കിൽ പിന്നെ എന്തിനാണ് പിണറായി വിജയൻ ആഭ്യന്തരമന്ത്രിക്കസേരയിൽ ഇരിക്കുന്നത്? കോഴിക്കോട് വിമുക്തഭടന്‍റെ വാരിയെല്ല് ഡി.വൈ.എഫ്.ഐ നേതാവ് ചവിട്ടി ഓടിച്ചു. എറണാകുളത്ത് എസ്എഫ്ഐ ജില്ലാ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്‍റെ കൈയ്യൊടിച്ചു. ഇവരൊക്കെ എല്ല് വിദഗ്ദ്ധരാണോ? പാർട്ടി പ്രവർത്തകർ അധ്യാപകർക്കും സാധാരണക്കാർക്കും നേരെ കുതിര കയറുമ്പോള്‍ നടപടി സ്വീകരിക്കാതെ ആഭ്യന്തരമന്ത്രി സ്ഥാനത്ത് ഇരിക്കാൻ പിണറായി വിജയന് നാണമില്ലേ എന്നും അദ്ദേഹം ചോദിച്ചു.