സംസ്ഥാനത്ത് നായയുടെ കടിയേൽക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് നായ്ക്കളുടെ കടിയേറ്റവരുടെ എണ്ണത്തിൽ വൻ വർദ്ധനവുണ്ടായതായി ആരോഗ്യവകുപ്പ് അറിയിച്ചു. പല ജില്ലകളിലും നായയുടെ കടിയേറ്റവരുടെ എണ്ണം രണ്ടോ മൂന്നോ മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. ആന്‍റി റാബിസ് വാക്സിൻ എടുക്കാൻ ആശുപത്രിയിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കൂടുതൽ വാക്സിനുകൾ വാങ്ങാനുള്ള നടപടികൾ ആരംഭിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

പേവിഷബാധയ്ക്കെതിരെ 26,000 വയല്‍ ആന്‍റി റാബിസ് വാക്സിൻ (ഐഡിആർവി) ലഭ്യമാക്കിയിട്ടുണ്ട്. സി.ഡി.എൽ. പരിശോധന പൂർത്തിയാക്കിയ ശേഷമാണ് വാക്സിൻ ലഭ്യമാക്കിയത്. പരിശോധനകൾ പൂർത്തിയായാൽ കൂടുതൽ വാക്സിനുകൾ ലഭ്യമാക്കും. നായ്ക്കളുടെയും പൂച്ചകളുടെയും കടിയേറ്റതിനെ തുടർന്ന് ആന്‍റി റാബിസ് വാക്സിൻ എടുക്കാൻ ആശുപത്രികളിൽ എത്തുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ലഭ്യമായ വാക്സിൻ ആശുപത്രികളിൽ വിതരണം ചെയ്യുന്നുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.