ഡോക്ടർമാർക്കെതിരായ അക്രമത്തിന് ആക്കം കൂട്ടുന്നു; മന്ത്രിക്കെതിരെ കെജിഎംഒഎ

തിരുവല്ല : തിരുവല്ല താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. അജയമോഹനെ സ്ഥലം മാറ്റിയ ആരോഗ്യമന്ത്രി വീണാ ജോർജിന്‍റെ നീക്കത്തിനെതിരെ കേരള സർക്കാർ മെഡിക്കൽ ഓഫീസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ) രംഗത്തെത്തി. ആശുപത്രി സൂപ്രണ്ടിനെതിരെ നടന്നത് വ്യക്തിഹത്യയാണെന്നും സ്ഥലംമാറ്റത്തിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച തിരുവല്ലയിൽ കരിദിനം ആചരിക്കുമെന്നും കെ.ജി.എം.ഒ.എ അറിയിച്ചു.

കേരളത്തിലെ എല്ലാ ആശുപത്രികളിലും മരുന്നിന് ക്ഷാമമുണ്ടെന്നും ഡോക്ടർമാർക്കെതിരായ അക്രമങ്ങളിൽ ആരോഗ്യമന്ത്രി എണ്ണ ഒഴിച്ചുകൊടുക്കുകയാണെന്നും കെ.ജി.എം.ഒ.എ ആരോപിച്ചു. മന്ത്രി ആശുപത്രിയിലെത്തുമ്പോൾ ആറ് ഡോക്ടർമാർ ഒ.പിയിൽ ഉണ്ടായിരുന്നതായും കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടി.

ഇന്നലെ രാവിലെ മന്ത്രി വീണാ ജോർജ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ മിന്നൽ സന്ദർശനം നടത്തിയിരുന്നു. വീഴ്ച കണ്ടെത്തിയതിനെ തുടർന്ന് ആശുപത്രി സൂപ്രണ്ട് ഡോ.അജയമോഹനെ ചെങ്ങന്നൂർ താലൂക്ക് ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ടായി സ്ഥലം മാറ്റി. മന്ത്രി എത്തുമ്പോൾ നാല് ഒ.പി.കളിൽ രണ്ടെണ്ണത്തിൽ ഡോക്ടർമാർ ഉണ്ടായിരുന്നില്ല. അറ്റൻഡൻസ് ബുക്കിൽ ഒപ്പിട്ട ഡോക്ടർമാരിൽ പകുതി പോലും ആശുപത്രിയിൽ ഉണ്ടായിരുന്നില്ല.