India at 75; പോസ്റ്റൽ വകുപ്പ് വിറ്റത് ഒരുകോടിയിലധികം പതാകകൾ
രാജ്യത്തിന്‍റെ 75-ാമത് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, ഇന്ത്യൻ തപാൽ വകുപ്പ് കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ വിറ്റത് ഒരുകോടിയിലധികം പതാകകൾ. ഒന്നര ലക്ഷം പോസ്റ്റ് ഓഫീസ് ശൃംഖലകളുള്ള തപാൽ വകുപ്പ് രാജ്യത്തെ എല്ലാ പൗരൻമാരെയും ‘ഹർ ഖർ തിരങ്ക’ പരിപാടിയുടെ ഭാഗമാക്കിയെന്നും 10 ദിവസത്തിനുള്ളിൽ പോസ്റ്റോഫീസുകൾ വഴി നേരിട്ടും ഓൺലൈനായും ഒരുകോടിയിലധികം ദേശീയ പതാകകളുടെ വിൽപന നടത്തിയെന്നും തപാൽ വകുപ്പ് അറിയിച്ചു.
ഇപോസ്റ്റ് ഓഫീസ് പോർട്ടൽ വഴി ദേശീയ പതാകയുടെ വിൽപ്പന ഓഗസ്റ്റ് 1 മുതൽ ആരംഭിച്ചിരുന്നു. തപാൽ വകുപ്പ് നേരിട്ടും ഓൺലൈനായും പതാക വാങ്ങുന്നതിനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
ഒരുപതാകയുടെ വില 25 രൂപയാണ്. രാജ്യത്തിന്‍റെ ചരിത്രത്തിലാദ്യമായി ആണ് സ്വാതന്ത്ര്യദിനമായ ഓഗസ്റ്റ് 15 ന് വീടുകളിൽ ദേശീയപതാക ഉയർത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തത്.