നാസിസത്തിനെതിരെയുള്ള റഷ്യന്‍ പ്രമേയത്തെ യുഎന്നില്‍ അനുകൂലിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിൽ റഷ്യയുടെ പ്രമേയത്തെ അനുകൂലിച്ച് ഇന്ത്യ വോട്ട് ചെയ്തു. നാസിസത്തെ മഹത്വവത്കരിക്കാനുള്ള ശ്രമങ്ങൾക്കെതിരെ യുഎൻ ജനറൽ അസംബ്ലിയുടെ മൂന്നാം കമ്മിറ്റിയിൽ റഷ്യ അവതരിപ്പിച്ച പ്രമേയത്തെയാണ് ഇന്ത്യ അനുകൂലിച്ചത്.

ആവേശകരമായ ചർച്ചകൾക്കൊടുവിൽ 52നെതിരെ 105 വോട്ടുകൾക്കാണ് പ്രമേയം പാസായത്. അതേസമയം, 15 രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്നും പ്രമേയത്തിൽ നിന്നും വിട്ടുനിന്നു. 

പ്രമേയത്തിലെ “തദ്ദേശീയ ജനത” എന്ന ആശയം ഇന്ത്യയുടെ കാഴ്ചപ്പാടിന് അനുസൃതമല്ലെന്ന് പ്രമേയത്തിൻ മേലുള്ള ചർച്ചയിൽ സംസാരിക്കവെ ഇന്ത്യൻ പ്രതിനിധി പറഞ്ഞു. എന്നാല്‍ ഇത്തരം ഒരു പ്രമേയത്തിന്‍റെ ആശയം ഒരു പൊതുധാരണയ്ക്ക് അടിസ്ഥാനമാണെന്ന് അഭിപ്രായപ്പെട്ടു.