ഓസീസിനെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം; ഷമിക്ക് മൂന്ന് വിക്കറ്റ്

ബ്രിസ്‌ബെന്‍: ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യയ്ക്ക് 6 റൺസിന്റെ വിജയം. 187 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയ ആരോൺ ഫിഞ്ചിന്‍റെ അർധസെഞ്ചുറിയുടെ കരുത്തിലും 20-ാം ഓവറിലെ അവസാന പന്തിൽ 180 റൺസിന് ഓൾ ഔട്ടായി. ഒരു ഓവർ എറിഞ്ഞ ഷമി വെറും 4 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. ഇത് കൂടാതെ ഷമിയുടെ അവസാന ഓവറിലും ഒരു റണ്ണൗട്ടുണ്ടായിരുന്നു.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്ട്രേലിയക്ക് ക്യാപ്റ്റൻ ആരോൺ ഫിഞ്ചും മിച്ചൽ മാർഷും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. ഡേവിഡ് വാർണറുടെ അഭാവത്തിൽ ഇന്നിംഗ്സ് ഓപ്പൺ ചെയ്ത മാർഷ് 18 പന്തിൽ നാല് ഫോറിന്‍റെയും രണ്ട് സിക്സിന്‍റെയും അകമ്പടിയോടെ 35 റൺസ് നേടി. എന്നാൽ പവർപ്ലേയിലെ നാലാം പന്തിൽ ഭുവനേശ്വർ കുമാർ ബൗള്‍ഡാക്കി. 11-ാം ഓവറിലെ നാലാം പന്തിൽ സ്റ്റീവ് സ്മിത്തിനെ (12 പന്തിൽ 11) ചാഹൽ പുറത്താക്കി. ഫോമിലേക്ക് മടങ്ങിയെത്തിയ ഫിഞ്ച് 40 പന്തിൽ അർധസെഞ്ചുറി തികച്ചു. 

16-ാം ഓവറിലെ മൂന്നാം പന്തിൽ ഭുവി മാക്സ്വെല്ലിനെ (16 പന്തിൽ 23) പുറത്താക്കി. 18-ാം ഓവറിലെ രണ്ടാം പന്തിൽ അർഷ്ദീപ് മാർക്കസ് സ്റ്റോയിനിസിനെയും (7 പന്തിൽ 7) പുറത്താക്കി. 19-ാം ഓവറിലെ ആദ്യ പന്തിൽ തന്നെ ഹർഷൽ പട്ടേൽ ഫിഞ്ചിനെ (54 പന്തിൽ 79) പുറത്താക്കി. ടിം ഡേവിഡിനെ (2 പന്തിൽ 5) കോഹ്ലിയാണ് പുറത്താക്കിയത്. അവസാന ഓവറിൽ 11 റൺസാണ് ഓസീസിന് ജയിക്കാൻ വേണ്ടിയിരുന്നത്. ഷമിയുടെ മൂന്നാം പന്തിൽ കമ്മിൻസിനെ (6 പന്തിൽ 7) പുറത്താക്കി കോഹ്ലി മികച്ച ക്യാച്ച് നേടി. അടുത്ത പന്തിൽ തന്നെ ആഷ്ടൺ ടർണർ റണ്ണൗട്ടായി. അടുത്ത പന്തിൽ ഇംഗ്ലിസും പുറത്തായി. കളിയുടെ അവസാന പന്തിൽ കെയ്ൻ റിച്ചാർഡ്സണും പുറത്തായതോടെ ഇന്ത്യ ജയിച്ചു.