മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 227 റൺസിന്റെ വിജയം; ബംഗ്ലാദേശിന് പരമ്പര

ധാക്ക: ഇഷാൻ കിഷൻ ഏകദിനത്തിലെ വേഗതയേറിയ ഇരട്ട സെഞ്ച്വറിയും, വിരാട് കോഹ്‌ലി സെഞ്ച്വറിയും നേടിയ മൂന്നാം ഏകദിനത്തിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ. ആദ്യ രണ്ടു മത്സരങ്ങളും ഇന്ത്യ പരാജയപ്പെട്ടതോടെ പരമ്പര ബംഗ്ലാദേശ് സ്വന്തമാക്കി. എന്നാൽ മൂന്നാം മത്സരത്തിൽ ബംഗ്ലാദേശിനെ ഇന്ത്യ വിറപ്പിച്ചു. ബംഗ്ലാദേശിന് 410 റൺസ് ആയിരുന്നു വിജയലക്ഷ്യം.

ഛത്തോഗ്രാം സഹൂർ അഹമദ് ചൗധരി സ്‌റ്റേഡിയത്തിലെ മത്സരത്തിൽ ശിഖർ ധവാനും ഇഷാൻ കിഷനുമാണ് ഓപ്പണർമാരായി ഇറങ്ങിയത്. കിഷൻ 131 പന്തിൽ 210 റൺസുമായി നിറഞ്ഞാടിയപ്പോൾ ധവാൻ എട്ടു പന്തിൽ മൂന്നു റൺസുമായി പുറത്തായി. കോഹ്‌ലിയാണ് പിന്നീട് കിഷന് പിന്തുണ നൽകിയത്. 91 പന്തിൽ 113 റൺസ് കോഹ്ലി നേടി. ശേഷം വന്ന ശ്രേയസ് അയ്യരും (3), ക്യാപ്ടൻ കെ.എൽ. രാഹുലും (8) വേഗം മടങ്ങി. വാഷിംഗ്ഡൺ സുന്ദർ (37), അക്‌സർ പട്ടേൽ (20) എന്നിവരാണ് പിന്നീട് ഇരട്ടയക്കം കണ്ടത്.

410 റൺസ് വിജയലക്ഷ്യവുമായി രണ്ടാമത് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിനെ ഇന്ത്യ ഏറിഞ്ഞു വീഴ്ത്തി. 34 ഓവറിൽ 182 മാത്രം നേടി ബംഗ്ലാദേശ് ഓൾ ഔട്ട് ആയി. ഇന്ത്യക്ക് വേണ്ടി ശാർദുൽ താക്കൂർ 3 വിക്കറ്റുകൾ നേടിയപ്പോൾ അക്‌സർ പട്ടേൽ, ഉമ്രാൻ മാലിക് എന്നിവർ 2 വിക്കറ്റുകൾ വീതം നേടി.

ഷർദുൽ താക്കൂറും കുൽദീപ് യാദവും മൂന്നു വീതം റൺസ് നേടി. ഇബാദത്ത് ഹുസൈൻ, ടസ്‌കിൻ അഹമദ്, ഷാകിബുൽ ഹസൻ എന്നിവർ രണ്ടു വീതം വിക്കറ്റ് വീഴ്ത്തി. മുസ്തഫിസുർറഹ്മാൻ, മെഹ്ദി ഹസൻ എന്നിവർ ഓരോ വിക്കറ്റും നേടി.