റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടി ജൂണ്‍ 11ന് ആരംഭിക്കും

കാസറഗോഡ് : കേരള സ്റ്റാര്‍ട്ടപ് മിഷനും സി.പി.സി.ആര്‍.ഐ കാസര്‍കോടും സംയുക്തമായി സംഘടിപ്പിക്കുന്ന റൂറല്‍ ഇന്ത്യ ബിസിനസ് ഉച്ചകോടിയില്‍ അന്തര്‍ദേശീയ പ്രശസ്തി നേടിയ 20 ൽ അധികം പ്രഭാഷകർ പങ്കെടുക്കും. ജൂണ്‍ 11, 12 തിയതികളില്‍ കാസര്‍കോഡ് സി.പി.സി.ആര്‍.ഐയിലാണ് ഉച്ചകോടി നടക്കുക. സാമൂഹികമായി സ്വാധീനം ചെലുത്തുന്ന ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്ന കേരളത്തില്‍ നിന്നുള്ള അഞ്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ധനസഹായം നല്‍കാന്‍ ബംഗളുരു ആസ്ഥാനമായുള്ള ഇന്‍കുബേറ്ററായ സോഷ്യല്‍ ആല്‍ഫ നടത്തുന്ന പിച്ചിംഗും ഉച്ചകോടിയില്‍ ഉണ്ടാകും. ഫ്രഷ് ടു ഹോമിന്‍റെ സഹസ്ഥാപകന്‍ മാത്യൂ ജോസഫ്, ആഗോള അംഗീകാരം നേടിയ ഉത്തരവാദിത്ത ടൂറിസത്തിന്‍റെ സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ കെ രൂപേഷ് കുമാര്‍, എയ്ഞജല്‍ നിക്ഷേപകന്‍ നാഗരാജ പ്രകാശം, ഐസിഎആര്‍-സിപിസിആര്‍ഐ ഡയറക്ടര്‍ ഡോ. അനിത കരുണ്‍, എന്‍ട്രി ആപ് സഹസ്ഥാപകന്‍ മുഹമ്മദ് ഹിസാമുദ്ദീന്‍, ടിസിഎസ് റാപിഡ് ലാബിന്‍റെ മേധാവി റോബിന്‍ ടോമി, വൃദ്ധി സിടിഎസിന്‍റെ മാനേജിംഗ് പാര്‍ട്ണര്‍ അജയന്‍ കെ അനാത്ത്, സിദ്ദ്സ് ഫാമിന്‍റെ സഹസ്ഥാപകന്‍ കിഷോര്‍ ഇന്ദുകൂരി, ഹാപ്പി ഹെന്‍സിന്‍റെ സ്ഥാപകന്‍ മഞ്ജുനാഥ് മാരപ്പന്‍, ഐസിഎആര്‍ ശാസ്ത്രജ്ഞരായ ഡോ. കെ ശ്രീനിവാസ്, ഡോ. സുധ മൈസൂര്‍, ഇസാഫ് റിടെയിലിന്‍റെ ഡയറക്ടര്‍ തോമസ് കെ ടി എന്നിവരാണ് രണ്ട് ദിവസത്തെ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രതിനിധികളുടെയും വിദഗ്ദ്ധരുടെയും സ്റ്റാര്‍ട്ടപ് സ്ഥാപകരുടെയും പങ്കാളിത്തം കൊണ്ട് 2020ല്‍ നടന്ന ആദ്യ ലക്കം ശ്രദ്ധേയമായിരുന്നു. ഈ വര്‍ഷം ഇന്ത്യയിലെ പ്രമുഖ നിക്ഷേപകരായ സോഷ്യല്‍ ആല്‍ഫ, സ്റ്റാര്‍ട്ടപ് ഇന്ത്യ, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി, എല്‍.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, കേരള കാര്‍ഷിക കോളേജ് തുടങ്ങി ജില്ലയിലെ പ്രധാനപ്പെട്ട സ്ഥാപനങ്ങളുടെ പിന്തുണയോടെ വിപുലമായ രീതിയിലാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഗ്രാമീണ ഇന്ത്യയുടെ വളര്‍ച്ചയ്ക്കു സാങ്കേതികത എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് രണ്ടാം ലക്കത്തിന്‍റെ പ്രമേയം. ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ് സംരംഭങ്ങളുടെ സ്ഥാപകരുടെ പങ്കാളിത്തം, കാര്‍ഷിക-ഭക്ഷ്യോത്പാദന മേഖലകളിലെ സാങ്കേതിക വളര്‍ച്ചയും സാധ്യതകളും വിശദീകരിക്കുന്ന സെഷനുകള്‍, ഗ്രാമീണ ഇന്ത്യയുടെ സാദ്ധ്യതകളെക്കുറിച്ചുള്ള പാനല്‍ ചര്‍ച്ചകള്‍, കേന്ദ്ര തോട്ടവിള ഗവേഷണ കേന്ദ്രമുള്‍പ്പടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരിന്‍റെ കീഴില്‍ ഉള്ള സ്ഥാപനങ്ങള്‍ വികസിപ്പിച്ചെടുത്ത വിപണിസാധ്യതയുള്ള സാങ്കേതിക വിദ്യകള്‍ പരിചയപ്പെടുത്തല്‍ തുടങ്ങിയവ ഉച്ചകോടിയില്‍ നടക്കും. ജൂൺ 11 രാവിലെ 10 മണിക്ക് ഔദ്യോഗികമായി കോൺക്ലേവ് ഉൽഘാടനം ചെയ്യും.ജില്ലയിലെ ജനപ്രതിനിധികൾക്ക് പുറമെ സെൻട്രൽ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ ടി.എച് വെങ്കടേശ്വരലു,കമ്മോഡിറ്റി ബോർഡ് എക്സികുട്ടീവ് ഹെഡ് വെങ്കടേഷ് ഹുബ്ബള്ളി ,ഡോ ഹോമി ചെറിയാൻ എന്നിവർ പങ്കെടുക്കും.കേരള സ്റ്റാർട്ടപ് മിഷൻ സി.ഇ.ഒ ജോൺ എം തോമസ് ,സി.പി.സി.ആര്‍.ഐ ഡയറക്ടർ ഡോ അനിത കരുൺ ,ഐ.സി.എ.ആർ അസിസ്റ്റന്റ് ഡയറക്ടർ ജനറലുമാരായ ഡോ ബി.കെ പാണ്ഡെ ,ഡോ കെ ശ്രീനിവാസ് ,കേരള സ്റ്റാർട്ടപ് മിഷൻ പ്രൊജക്റ്റ് ഡയറക്ടർ റിയാസ് പി.എം ,സീനിയർ ഇൻക്യൂബേഷൻ മാനേജർ അശോക് കുരിയൻ , അഗ്രി ഇന്നോവേറ്റ് സി.ഇ.ഒ ഡോ സുധാ മൈസൂർ എന്നിവർ പങ്കെടുക്കും. കോണ്‍ക്ലേവിന്‍റെ ഭാഗമായി നടക്കുന്ന റൂറല്‍-അഗ്രിടെക് ഹാക്കത്തോണ്‍ ആണ് പരിപാടിയുടെ മറ്റൊരു പ്രധാനപ്പെട്ട ആകര്‍ഷണം. കാര്‍ഷിക മേഖലകള്‍ക്കു ആവശ്യമായ സാങ്കേതിക പരിഹാരങ്ങളും, ഗ്രാമീണ ഇന്ത്യയുടെ ടൂറിസം സാധ്യതകള്‍ പരിപോഷിപ്പിക്കാന്‍ ആവശ്യമായ സാങ്കേതിക വിദ്യകളും വികസിപ്പിച്ചെടുക്കുന്നതിനു വേണ്ടിയുള്ള ഹാക്കത്തോണില്‍ പങ്കെടുക്കാന്‍ 100 ഇല്‍ അധികം ടീമുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 2 ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക് https://startupmission.in/rural_business_conclave/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം