സൈനിക കപ്പലിനെ ചൊല്ലി ഇന്ത്യ- ചൈന വാക്‌പോര്‌

ന്യൂഡല്‍ഹി: ശ്രീലങ്കയിലെ ഹമ്പൻടോട്ട തുറമുഖത്ത് എത്തിയ ചൈനീസ് സൈനിക കപ്പലിനെച്ചൊല്ലി ഇന്ത്യയും ചൈനയും തമ്മിൽ വാക്പോര്. ശ്രീലങ്കയിലെ ചൈനീസ് അംബാസഡർ ക്വി ഷെൻഹോങ്ങിന്‍റെ പരാമർശമാണ് വാക്പോരിൻ തുടക്കമിട്ടത്. ബാലിസ്റ്റിക് മിസൈലും സാറ്റലൈറ്റ് ട്രാക്കിംഗ് കപ്പലുമായ ‘യുവാൻ വാങ് 5’ ഹമ്പൻടോട്ട തുറമുഖത്ത് നങ്കൂരമിടുന്നതിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.

ഇതിനെതിരെ ഒരു തെളിവുമില്ലാതെ സുരക്ഷാ ആശങ്കകള്‍ എന്ന് വിളിച്ച് “ബാഹ്യ തടസ്സം” സൃഷ്ടിക്കുന്നത് ശ്രീലങ്കയുടെ പരമാധികാരത്തിനും സ്വാതന്ത്ര്യത്തിനും മേലുള്ള ഇടപെടലാണെന്ന് ഒരു ചൈനീസ് ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ ക്വി ഷെൻഹോങ്ങ് പറഞ്ഞു. ദ്വീപ് രാഷ്ട്രത്തിന് നേരെയുണ്ടായ ആക്രമണത്തിന്‍റെ ചരിത്രത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.

എന്നാൽ, അടിസ്ഥാന നയതന്ത്ര മാനദണ്ഡങ്ങൾ ലംഘിച്ചതിന് കൊളംബോയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ ക്വി ഷെൻഹോങ്ങിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തി. ശ്രീലങ്കയുടെ ‘വടക്കൻ അയൽക്കാരനെ’ കുറിച്ചുള്ള ചൈനീസ് നയതന്ത്രജ്ഞന്‍റെ കാഴ്ചപ്പാട് സ്വന്തം രാജ്യം എങ്ങനെ പെരുമാറുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കാം എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.