ഇന്ത്യ- ചൈന ചർച്ച 17ന്; പതിനാറാം റൗണ്ട് ചർച്ചയാണ് ഞായറാഴ്ച നടക്കുന്നത്

ന്യൂഡൽഹി: നിർത്തിവച്ചിരുന്ന ഇന്ത്യ-ചൈന കമാൻഡർ തല ചർച്ചകൾ പുനരാരംഭിക്കുന്നു . 16-ാം വട്ട ചർച്ച ഞായറാഴ്ച ഇന്ത്യൻ അതിർത്തിയിലെ ചുഷൂലിൽ നടക്കുന്നതാണ്. ടിബറ്റൻ ആത്മീയ ആചാര്യൻ ദലൈലാമ ലഡാക്കിൽ ഉള്ള സമയത്താണ് ചർച്ച എന്നതും ശ്രദ്ധേയമാണ്. 1959 ൽ ദലൈലാമ നടത്തിയ ഇന്ത്യാ സന്ദർശനമാണ് ഇന്ത്യ-ചൈന തർക്കങ്ങളുടെ പ്രധാന കാരണങ്ങളിലൊന്ന്.

തർക്കമുള്ള ആറ് പ്രദേശങ്ങളിൽ നിന്നുള്ള പിൻമാറ്റം സംബന്ധിച്ച് ഇരു രാജ്യങ്ങളും ചർച്ച നടത്തിയിരുന്നു. തൽഫലമായി, മൂന്ന് സ്ഥലങ്ങളിൽ നിന്ന് സൈന്യത്തെ പിൻവലിച്ചു. ശേഷിക്കുന്ന മൂന്ന് സ്ഥലങ്ങളിലെ സൈനിക പിൻമാറ്റം ഈ വർഷത്തെ കമാൻഡർ തല ചർച്ചകളുടെ വിഷയമാകും. നേർക്കുനേർ നിൽക്കുന്ന സ്ഥലങ്ങളിൽനിന്ന് പഴയ അവസ്ഥയിലേക്കുള്ള പിന്മാറ്റമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്.

ലഫ്റ്റനന്‍റ് ജനറൽ സെൻഗുപ്തയാണ് ഇന്ത്യൻ സംഘത്തെ നയിക്കുക. അതിർത്തി തർക്കം എത്രയും വേഗം പരിഹരിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെടും. ജി 20 ഉച്ചകോടിക്കിടെ ഇന്ത്യയുടെയും ചൈനയുടെയും വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തിയപ്പോഴാണ് കമാൻഡർ തല ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്. 2020 മെയ് 5 മുതൽ കിഴക്കൻ ലഡാക്കിൽ ഇന്ത്യ-ചൈന സംഘർഷം രൂക്ഷമാണ്.