റഷ്യ-യുക്രൈന്‍ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് ഇന്ത്യ; പ്രശ്‌നപരിഹാരത്തിന് ശ്രമം

ന്യൂഡല്‍ഹി: യുക്രൈനിൽ സംഘർഷങ്ങൾ വർദ്ധിക്കുന്നതിൽ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു. പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങളെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് ഇന്ത്യ ആവർത്തിച്ചു. യുക്രൈനിൽ റഷ്യൻ ആക്രമണത്തിൽ 10 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതിന് പിന്നാലെയാണ് ഇന്ത്യയുടെ പ്രതികരണം.

“അടിസ്ഥാന സൗകര്യങ്ങളെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും സാധാരണക്കാരുടെ മരണവും ആശങ്കാജനകമാണ്. പരസ്പര ശത്രുത ഉടനടി അവസാനിപ്പിക്കാനും എത്രയും വേഗം നയതന്ത്രത്തിന്‍റെയും സംവാദത്തിന്‍റെയും പാതയിലേക്ക് മടങ്ങാനും ഞങ്ങൾ നിങ്ങളോട് അഭ്യർത്ഥിക്കുന്നു. പ്രശ്നം പരിഹരിക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങളെയും പിന്തുണയ്ക്കാൻ ഇന്ത്യ തയ്യാറാണ്” വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.

കഴിഞ്ഞയാഴ്ച യുക്രൈന്‍ പ്രസിഡന്‍റ് വോളോഡിമിർ സെലെൻസ്കിയുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പങ്കുവെച്ചിരുന്നു.