ഇന്ത്യ ഫസ്റ്റ് ലൈഫ് ഇന്‍ഷുറന്‍സ് ഓഹരി വിപണിയിലേക്ക്

ബാങ്ക് ഓഫ് ബറോഡയുടെ പിന്തുണയുള്ള ഇന്ത്യ ഫസ്റ്റ് ലൈഫ് ഇൻഷുറൻസ് ഓഹരി വിപണിയിൽ പ്രവേശിച്ചു. പ്രാരംഭ ഓഹരി വില്‍പ്പനയ്ക്കുള്ള ഡ്രാഫ്റ്റ് പേപ്പര്‍ ഏതാനും ആഴ്ചകൾക്കുള്ളിൽ ഇന്ത്യഫസ്റ്റ് സെബിക്ക് സമർപ്പിക്കും. ഐപിഒ വഴി 1600-2000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ബാങ്ക് ഓഫ് ബറോഡയ്ക്ക് ഇന്ത്യ ഫസ്റ്റ്സിൽ 65% ഓഹരികളുണ്ട്. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയ്ക്ക് ഈ ഇൻഷുറൻസ് കമ്പനിയിൽ 9% ഓഹരിയുണ്ട്. ബാക്കി 26 ശതമാനം ഓഹരികൾ കാര്‍മല്‍ പോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ കൈവശമാണ്. കഴിഞ്ഞ വർഷം ജൂലൈയിൽ ബാങ്ക് ഓഫ് ബറോഡയുടെ ബോർഡ് യോഗത്തിലാണ് ഐപിഒ വഴി 12.5 ശതമാനം ഓഹരികൾ വിൽക്കാൻ തീരുമാനിച്ചത്.

2009ൽ ഇന്ത്യ ഫസ്റ്റ് രാജ്യത്തെ 23-ാമത്തെ സ്വകാര്യ ലൈഫ് ഇൻഷുറൻസ് കമ്പനിയായി മാറി. 2021-22 സാമ്പത്തിക വർഷത്തിൽ 18,932 കോടി രൂപയുടെ ആസ്തികൾ (എയുഎം) കമ്പനി കൈകാര്യം ചെയ്തു. ഇതേ കാലയളവിൽ 5,187 കോടി രൂപയാണ് ഇന്ത്യ ഫസ്റ്റിന്‍റെ പ്രീമിയം വരുമാനം.