ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 80 റൺസ് ലീഡ്

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഇന്ത്യയ്ക്ക് 87 റണ്‍സിന്റെ ലീഡ്. ബംഗ്ലാദേശിന്‍റെ ആദ്യ ഇന്നിങ്‌സ് സ്കോറായ 227 റൺസ് പിന്തുടർന്ന ഇന്ത്യ 314 റൺസിന് ഓൾഔട്ടായി. 87 റൺസിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.

രണ്ടാം ഇന്നിങ്സിൽ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ ബംഗ്ലാദേശ് 7 റൺസ് നേടി. ഇന്ത്യക്കെതിരെ ലീഡ് നേടാൻ ആതിഥേയർക്ക് 80 റൺസ് കൂടി വേണം. നജ്മുള്‍ ഷാന്റോ(5), സാക്കിര്‍ ഹസൻ(2) എന്നിവരാണ് ക്രീസിൽ.

ആദ്യ ഇന്നിങ്സിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ റിഷഭ് പന്തായിരുന്നു ഇന്ത്യയുടെ സ്റ്റാർ ബാറ്റ്സ്മാൻ. 104 പന്തിൽ ഏഴു ബൗണ്ടറികളുടെയും അഞ്ചു സിക്സറുകളുടെയും അകമ്പടിയോടെ 93 റൺസാണ് താരം നേടിയത്. ശ്രേയസ് അയ്യർ 105 പന്തിൽ 10 ഫോറും രണ്ട് സിക്സും സഹിതം 87 റൺസെടുത്തു.