യുകെയിൽ ഉന്നതപഠനം നടത്തുന്ന വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ചൈനയെ പിന്തള്ളി ഇന്ത്യ ഒന്നാമത്

ന്യൂഡല്‍ഹി: ഉപരിപഠനത്തിനായി യുകെ തിരഞ്ഞെടുത്ത അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ ഒന്നാമത്. നേരത്തെ ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം കൂടുതലായിരുന്നു. യുകെയുടെ ഔദ്യോഗിക ഇമിഗ്രേഷൻ സ്റ്റാറ്റിസ്റ്റിക്സ് റിപ്പോർട്ട് അനുസരിച്ച്, കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 273 ശതമാനം വർദ്ധനവുണ്ടായി.

ഓഫീസ് ഫോർ നാഷണൽ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകൾ പ്രകാരം, വിദഗ്ദ്ധരായ തൊഴിലാളി വിഭാഗത്തിൽ ഇന്ത്യക്കാർക്കാണ് ഏറ്റവും കൂടുതൽ വിസ നൽകുന്നത്. കഴിഞ്ഞ വർഷം മാത്രം 56,044 തൊഴിൽ വിസകളാണ് ഇന്ത്യക്കാർക്ക് നൽകിയത്. ആരോഗ്യമേഖലയിൽ തൊഴിൽ വിസ അനുവദിക്കപ്പെടുന്നതിന്‍റെ 36 ശതമാനവും ഇന്ത്യക്കാരാണ്.

2019 ൽ 34,261 ഇന്ത്യക്കാർക്ക് സ്റ്റഡി വിസ അനുവദിച്ചപ്പോൾ 2022 സെപ്റ്റംബർ വരെ 1,27,731 വിസകൾ അനുവദിച്ചു. 273 ശതമാനം വർധനവാണ് ഉണ്ടായിരിക്കുന്നത്. നൈജീരിയ, പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ മൂന്നിരട്ടി വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ചൈനയാണ് രണ്ടാമത്തെ വലിയ രാജ്യം. ഈ വർഷം 1,16,476 ചൈനീസ് വിദ്യാർത്ഥികൾക്ക് സ്റ്റഡി വിസ അനുവദിച്ചു.