ഇന്ത്യ – പാക് മത്സരം വെള്ളത്തിലായേക്കും; മെല്‍ബണില്‍ യെല്ലോ അലര്‍ട്ട് 

മെല്‍ബണ്‍: പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യ കളിക്കില്ലെന്ന് ബിസിസിഐ പ്രഖ്യാപിച്ചതിന് പിന്നാലെ ഇന്ത്യ-പാകിസ്ഥാൻ മത്സരം വീണ്ടും ചർച്ചാവിഷയമായി. ടി20 ലോകകപ്പിൽ ഇന്ത്യയും പാകിസ്ഥാനും നേർക്കുനേർ വരാൻ ഇനി രണ്ട് ദിവസം മാത്രമാണ് ബാക്കിയുള്ളത്. എന്നാൽ മഴ കളി തടസപ്പെടുത്തിയേക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം.

ഇന്ത്യ-പാക് മത്സരം നടക്കുന്ന ഒക്ടോബർ 23ന് മെൽബണിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പസഫിക് സമുദ്രത്തിലെ ലാ നിന പ്രതിഭാസം കാരണമാണ് മഴ ശക്തമാകുക. അടുത്ത 4 ദിവസത്തിനുള്ളിൽ 100 മില്ലിമീറ്റർ മഴ ലഭിക്കുമെന്നാണ് ഓസ്ട്രേലിയയിലെ മെറ്ററോളജിക്കല്‍ ഡിപ്പാർട്ട്മെൻ്റ് പ്രവചിക്കുന്നത്. 

ടിക്കറ്റ് വിൽപ്പനയിലൂടെയും ടെലിവിഷൻ വ്യൂവർഷിപ്പിലൂടെയും 57 കോടി രൂപ വിലമതിക്കുന്നതാണ് ഇന്ത്യ-പാകിസ്ഥാൻ മത്സരം. എന്നാൽ മത്സര ദിവസം മഴയ്ക്ക് 95 ശതമാനം സാധ്യതയുണ്ടെന്നാണ് മെറ്ററോളജിക്കല്‍ വിഭാഗം പറയുന്നത്.