റഷ്യയുമായുള്ള സമാധാന ശ്രമങ്ങളിൽ പങ്കുവഹിക്കാൻ ഇന്ത്യ തയ്യാറെന്ന് സെലെൻസ്കിയോടു മോദി

ന്യൂഡൽഹി: ഉക്രേനിയൻ പ്രസിഡന്‍റ് വൊളോഡിമിർ സെലെൻസ്കിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ സംസാരിച്ചു. ഉക്രൈനിലെ ആണവ നിലയങ്ങളുടെ സുരക്ഷയെക്കുറിച്ച് മോദി സംഭാഷണത്തിനിടെ ആശങ്ക പ്രകടിപ്പിച്ചു. സൈനിക ഇടപെടലിലൂടെ പരിഹാരം സാധ്യമല്ലെന്ന് പറഞ്ഞ മോദി, ചർച്ചകളിലൂടെയും നയതന്ത്രത്തിലൂടെയും പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തണമെന്നും പറഞ്ഞു. റഷ്യയുമായുള്ള സമാധാന പ്രക്രിയയിൽ ഇന്ത്യ പങ്ക് വഹിക്കാൻ തയ്യാറാണെന്ന് മോദി സെലെൻസ്കിയെ അറിയിച്ചു.

അടുത്തിടെ ഉക്രൈനിലെ ആണവ നിലയത്തിന് നേരെ റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു. ന്യൂക്ലിയർ റിയാക്ടറുകൾക്ക് കേടുപാടുകൾ സംഭവിച്ചില്ല, പക്ഷേ അനുബന്ധ ഉപകരണങ്ങൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.

മിഖോലവ് മേഖലയിലെ രണ്ടാമത്തെ വലിയ ആണവ നിലയമായ സൗത്ത് ഉക്രൈൻ ആണവ നിലയത്തിൽ നിന്ന് 300 മീറ്റർ അകലെയാണ് മിസൈൽ പതിച്ചത്. സ്ഫോടനത്തിന്റെയും തുടർന്ന് 2 തീഗോളങ്ങൾ ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കരയുദ്ധത്തിലെ തിരിച്ചടിക്ക് പിന്നാലെ ആക്രമണം ശക്തമാക്കുമെന്ന് റഷ്യൻ പ്രസിഡന്‍റ് വ്ളാഡിമിർ പുടിൻ പ്രഖ്യാപിച്ചിരുന്നു.