ക്രൂഡ് ഓയില്‍ ഇറക്കുമതിക്കായി റഷ്യ ദിര്‍ഹം ആവശ്യപ്പെട്ടെന്ന വാര്‍ത്ത തള്ളി ഇന്ത്യ
ന്യൂഡല്‍ഹി: ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യാൻ ഇന്ത്യൻ റിഫൈനറികളോട് റഷ്യ ദിർഹം ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ഇന്ത്യ. റഷ്യയുടെ അഭ്യർത്ഥന പ്രകാരം രണ്ട് ഇന്ത്യൻ റിഫൈനറികൾ പണം ദിർഹത്തിൽ നൽകിയെന്ന റിപ്പോർട്ടുകളും വ്യാജമാണെന്നും പെട്രോളിയം മന്ത്രാലയം അറിയിച്ചു.
സർക്കാർ ഉടമസ്ഥതയിലുള്ള ഒരു റിഫൈനറിയും റഷ്യൻ കമ്പനികൾക്ക് യുഎഇ ദിർഹമായി പണം നൽകുന്നില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. മിഡിൽ ഈസ്റ്റ് ആസ്ഥാനമായുള്ള ഏതെങ്കിലും വ്യാപാര കമ്പനി ഏതെങ്കിലും സ്വകാര്യ റിഫൈനർമാർക്ക് എണ്ണ വിൽക്കുകയും തുക ദിർഹമായി സ്വീകരിക്കുകയും ചെയ്താൽ അതിന് സർക്കാരുമായി യാതൊരു ബന്ധവുമില്ല.
ഉക്രൈൻ അധിനിവേശത്തെ തുടർന്ന് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തിയതിനാലാണ് ഇന്ത്യ ഇറക്കുമതി ചെയ്ത എണ്ണയ്ക്ക് വില ദിർഹമായി റഷ്യ വാങ്ങുന്നതെന്ന് നേരത്തെ റിപ്പോർട്ട് ഉണ്ടായിരുന്നു. കടുത്ത ഉപരോധത്തിന്‍റെ പശ്ചാത്തലത്തിൽ ദുബായിലെ മശ്രിഖ് ബാങ്ക് വഴി ഗ്യാസ്പ്രോം ബാങ്കിന് പണം കൈമാറാൻ റഷ്യ പദ്ധതിയിടുന്നതായായിരുന്നു റിപ്പോർട്ട്.