പോരാടാൻ ഇന്ത്യ; ഇന്ത്യ-ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയില്‍

റാഞ്ചി: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിനം ഇന്ന് റാഞ്ചിയിൽ നടക്കും. ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പര നഷ്ടമാകാതിരിക്കാൻ ഇന്ന് ജയം അനിവാര്യമാണ്.

ലഖ്നൗവിൽ നഷ്ടമായ വിജയം വീണ്ടെടുക്കാനാണ് ശിഖർ ധവാനും സംഘവും ഇന്ന് റാഞ്ചിയിലിറങ്ങുക. ആദ്യ ഏകദിനത്തിൽ 9 റൺസിനാണ് ഇന്ത്യ തോറ്റത്. സഞ്ജു സാംസൺ 63 പന്തിൽ 86 റൺസ് നേടിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാൻ കഴിഞ്ഞില്ല. റാഞ്ചിയിലും സഞ്ജു ശ്രദ്ധാകേന്ദ്രമാകും. ക്യാപ്റ്റൻ ശിഖർ ധവാൻ, ശുഭ്മാൻ ഗിൽ, ഋതുരാജ് ഗെയ്ക്വാദ്, ഇഷാൻ കിഷൻ എന്നിവർ തങ്ങളുടെ കഴിവിന്‍റെ പരമാവധി പ്രകടനം നടത്തിയാൽ എല്ലാ ഭാരവും സഞ്ജുവിന് മുകളിലാവില്ല.

ദീപക് ചാഹർ പരിക്കിനെത്തുടർന്ന് പുറത്തായത് പൊതുവെ ദുർബലമായ ബൗളിംഗ് നിരയ്ക്ക് ഇരട്ട പ്രഹരമായി. ചാഹറിന് പകരം വാഷിംഗ്ടൺ സുന്ദർ ടീമിലെത്തും. ഇന്നത്തെ മത്സരത്തിൽ ഷഹബാസ് അഹമ്മദോ, മുകേഷ് കുമാറോ അരങ്ങേറ്റം കുറിക്കാനും സാധ്യതയുണ്ട്.