മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങള്‍ വില്‍ക്കാന്‍ ഒരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: മലേഷ്യയ്ക്ക് 18 തേജസ് വിമാനങ്ങൾ വിൽക്കുമെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. മലേഷ്യയ്ക്ക് പുറമെ അർജന്‍റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളും തേജസ് വിമാനങ്ങളിൽ താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഒക്ടോബറിൽ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് 18 ജെറ്റുകൾ വാങ്ങാനുള്ള റോയൽ മലേഷ്യൻ വ്യോമസേനയുടെ താൽപ്പര്യത്തോട് പ്രതികരിച്ചതായി പ്രതിരോധ മന്ത്രാലയം പാർലമെന്‍റിനെ അറിയിച്ചു.

അർജന്‍റീന, ഓസ്ട്രേലിയ, ഈജിപ്ത്, അമേരിക്ക, ഇന്തോനേഷ്യ, ഫിലിപ്പീൻസ് എന്നിവരാണ് വിമാനത്തിൽ താൽപര്യം പ്രകടിപ്പിച്ച മറ്റ് രാജ്യങ്ങൾ എന്ന് പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് പാർലമെന്‍റ് അംഗങ്ങൾക്ക് രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു. രാജ്യം ഒരു സ്റ്റെൽത്ത് ഫൈറ്റര്‍ ജെറ്റ് നിർമ്മിക്കാനുള്ള പ്രക്രിയയിലാണെന്നും സുരക്ഷാ കാരണങ്ങളാൽ സമയക്രമം വെളിപ്പെടുത്താൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ചെറു യുദ്ധവിമാനങ്ങൾ വാങ്ങാനുള്ള മലേഷ്യയുടെ പദ്ധതിയിൽ ഇന്ത്യയുടെ തേജസ് മുഖ്യ പരിഗണനയുണ്ടെന്ന് നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡിന്‍റെ (എച്ച്എഎൽ) തേജസ് യുദ്ധവിമാനമാണ് മലേഷ്യയുടെ മുൻഗണനയെന്നും ഇത് ലോകത്തിലെ മുൻ നിര വിമാന നിർമ്മാതാക്കളെ മറികടന്നാണിതെന്നും കമ്പനി ചെയർമാൻ പറഞ്ഞു.