ഐക്യരാഷ്ട്രസഭയിൽ റഷ്യക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ

വാഷിംഗ്ടണ്‍: യുഎന്നില്‍ റഷ്യയ്‌ക്കെതിരെ വോട്ട് ചെയ്ത് ഇന്ത്യ. യുണൈറ്റഡ് നാഷന്‍സ് സെക്യൂരിറ്റി കൗണ്‍സിലിലെ നടപടിക്രമ വോട്ടെടുപ്പിലാണ് റഷ്യയ്‌ക്കെതിരെ ഇന്ത്യ വോട്ട് ചെയ്തത്. ഫെബ്രുവരിയിൽ സൈനിക നടപടികൾ ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് യുക്രൈൻ വിഷയത്തിൽ ഇന്ത്യ റഷ്യയ്ക്കെതിരെ വോട്ട് ചെയ്യുന്നത്.

യുക്രൈനിലെ യുഎൻ രക്ഷാസമിതിയിൽ നിന്ന് ഇന്ത്യ ഇതുവരെ വിട്ടുനിന്നത് അമേരിക്കയുടെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികളെ ചൊടിപ്പിച്ചിരുന്നു. ആക്രമണത്തെ തുടർന്ന് അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ റഷ്യയ്ക്കെതിരെ വലിയ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരുന്നു.

യുക്രൈനിനെതിരായ റഷ്യയുടെ ആക്രമണത്തെ ഇന്ത്യ വിമർശിച്ചിട്ടില്ല. നയതന്ത്രത്തിന്‍റെയും സംഭാഷണത്തിന്‍റെയും പാതയിലേക്ക് മടങ്ങാൻ റഷ്യൻ, യുക്രേനിയൻ കക്ഷികളോട് ഇന്ത്യ ആവർത്തിച്ച് ആവശ്യപ്പെടുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും പിന്തുണ അറിയിക്കുകയും ചെയ്തു.