വിരാട് കോലി- രോഹിത് ശർമ കൂട്ടുക്കെട്ട്; ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് തകർത്ത് ഇന്ത്യ
സിഡ്‌നി: പരമ്പര തൂത്തുവരാന്‍ ലക്ഷ്യമിട്ടിറങ്ങിയ ഓസ്‌ട്രേലിയയെ ഒമ്പത് വിക്കറ്റിന് പരാജയപ്പെടുത്തി ആശ്വാസ ജയംനേടി ഇന്ത്യ. ഓസീസ് മുന്നില്‍വെച്ച 237 എന്ന ലക്ഷ്യം 38.1 ഓവറില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയുടെയും വിരാട് കോലിയുടെയും തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് ഇന്ത്യക്ക് അനായാസ വിജയം നേടിക്കൊടുത്തത്. രോഹിത് സെഞ്ചുറിയും (121) വിരാട് (74) അര്‍ദ്ധ സെഞ്ചുറിയും നേടി. 24 അടിച്ച ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ വിക്കറ്റ് മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്. ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ ഓസ്‌ട്രേലിയ വിജയിച്ചിരുന്നു.ഗില്‍ ജോഷ് ഹേസല്‍വുഡിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ അലക്സ് കാരിക്ക് ക്യാച്ച് നല്‍കിയാണ് പുറത്തായത്. ആദ്യ രണ്ട് മത്സരങ്ങളില്‍ പൂജ്യത്തിന് പുറത്തായ കോലിക്ക് ഫോം കണ്ടെത്താനായത് ആശ്വാസമാണ്.
നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസീസ് 46.4 ഓവറില്‍ 236 റണ്‍സിന് പുറത്തായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായുടെയും (58പന്തില്‍ 56) ക്യാപ്റ്റന്‍ മിച്ചല്‍ മാര്‍ഷിന്റെയും (41) ഇന്നിങ്‌സുകളാണ് ഓസീസിനെ തുണച്ചത്. ഇന്ത്യക്കായി ഹര്‍ഷിത് റാണ നാലുവിക്കറ്റ് നേടി.നേരത്തേ ഓപ്പണിങ്ങില്‍ ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും ചേര്‍ന്ന് 61 റണ്‍സിന്റെ കൂട്ടുകെട്ട് ഉയര്‍ത്തി മികച്ച തുടക്കം നല്‍കിയിരുന്നു.
ട്രാവിസ് ഹെഡ് (25 പന്തില്‍ 29) ആണ് ആദ്യം പുറത്തായത്. പത്താം ഓവറില്‍ മുഹമ്മദ് സിറാജെറിഞ്ഞ പന്തില്‍ പ്രസിദ്ധ് കൃഷ്ണയ്ക്ക് ക്യാച്ച് നല്‍കിയാണ് മടക്കം. പിന്നാലെ മിച്ചല്‍ മാര്‍ഷും (50 പന്തില്‍ 41) പുറത്തായി. അക്ഷര്‍ പട്ടേലിനാണ് വിക്കറ്റ്. 41 പന്തില്‍ 30 റണ്‍സെടുത്ത മാത്യു ഷോര്‍ട്ടിനെ കോലിയുടെ കൈകളിലെത്തിച്ച് വാഷിങ്ടണ്‍ സുന്ദറും അലക്സ് കാരിയെ (37 പന്തില്‍ 24) ശ്രേയസ് അയ്യരുടെ കൈകളിലേക്ക് നല്‍കി ഹര്‍ഷിത് റാണയും വിക്കറ്റുവേട്ടയില്‍ പങ്കാളികളായി.
തുടര്‍ന്ന് ആറു റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടപ്പെട്ടതോടെ റണ്ണൊഴുക്ക് കുറഞ്ഞു. അര്‍ധ സെഞ്ചുറി നേടിയ മാറ്റ് റെന്‍ഷായെ വാഷിങ്ടണ്‍ സുന്ദര്‍ വിക്കറ്റിന് മുന്നില്‍ കുരുക്കി.പിന്നാലെ മിച്ചല്‍ ഓവന്‍ (1), മിച്ചല്‍ സ്റ്റാര്‍ക്ക് (2), നാഥന്‍ എലിസ് (22), ജോഷ് ഹേസല്‍വുഡ് (0), കൂപ്പര്‍ കനോലി (23) എന്നിവരെല്ലാം മടങ്ങി. ഇന്ത്യക്കുവേണ്ടി ഹര്‍ഷിത് റാണ നാലും വാഷിങ്ടണ്‍ സുന്ദര്‍ രണ്ടും വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവര്‍ക്ക് ഓരോ വിക്കറ്റ്.
മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു.രണ്ട് മാറ്റങ്ങളോടെയാണ് ഇന്ത്യ കളത്തിലിറങ്ങിയത്. ഇടംകൈയന്‍ റിസ്റ്റ് സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും പേസര്‍ പ്രസിദ്ധ് കൃഷ്ണയെയും ടീമില്‍ ഉള്‍പ്പെടുത്തി. നിതീഷ് റെഡ്ഢിയെയും അര്‍ഷ്ദീപ് സിങ്ങിനെയുമാണ് ഒഴിവാക്കിയത്.
