ഇന്ത്യ-പാക് സൂപ്പര്‍-12 മത്സരം; ആരാധകർക്ക് ആശ്വാസമായി മെല്‍ബണില്‍ മാനം തെളിയുന്നു
മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാകിസ്ഥാൻ സൂപ്പർ 12 മത്സരം മഴ മൂലം തടസ്സപ്പെടുമോ എന്ന ആശങ്ക കഴിഞ്ഞ ദിവസങ്ങളായി സജ്ജീവമായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മെൽബണിൽ കനത്ത മഴ പെയ്യുന്നതായിരുന്നു കാരണം. എന്നാൽ, നാളത്തെ മത്സരത്തിന് മുന്നോടിയായി, മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നിന്ന് ആശ്വാസകരമായ ചില വിവരങ്ങളാണ് പുറത്തുവരുന്നത്.
ശനിയാഴ്ച രാവിലെ മുതൽ മെൽബണിൽ മഴ പെയ്തിട്ടില്ലെന്ന് റിപ്പോർട്ട്. ഇന്ത്യയുടെയും പാകിസ്ഥാന്‍റെയും ആരാധകരെ ആവേശഭരിതരാക്കുന്ന കാര്യമാണിത്. നേരത്തെ ഇന്ത്യ-പാക് മത്സരത്തിന് 60 ശതമാനം മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രവചിച്ചിരുന്നു. എന്നിരുന്നാലും, മെൽബണിലെ ഇതുവരെയുള്ള കാലാവസ്ഥ ക്രിക്കറ്റ് പ്രേമികൾക്ക് ആവേശം പകരുന്നതാണ്. കാലാവസ്ഥ മെച്ചപ്പെട്ട് 20 ഓവർ വീതമുള്ള മത്സരം നടന്നാൽ, ഈ ലോകകപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങളിൽ ഒന്നായിരിക്കും അത്.
നാളെ മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ (എംസിജി) പ്രാദേശിക സമയം രാത്രി 7 മണിക്ക് ഇന്ത്യ-പാകിസ്ഥാൻ മത്സരം ആരംഭിക്കും. കഴിഞ്ഞ ലോകകപ്പിൽ പാകിസ്ഥാനോട് 10 വിക്കറ്റിന് തോറ്റതിന് പ്രതികാരം ചെയ്യുകയാണ് ഇന്ത്യയുടെ ലക്ഷ്യം. മൂന്ന് വിക്കറ്റുമായി കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ട ഷഹീൻ ഷാ അഫ്രീദിയുടെ പന്തുകളെ പ്രതിരോധിക്കുക എന്നതാണ് ടീം ഇന്ത്യയുടെ പ്രധാന വെല്ലുവിളി. ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരങ്ങളിൽ ഓസ്ട്രേലിയയെ തോൽപ്പിച്ചാണ് ഇന്ത്യയുടെ മെൽബണിലേക്കുള്ള പ്രവേശനം. ന്യൂസിലൻഡിനെതിരായ മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചിരുന്നു.