അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും: നിർമ്മല സീതാരാമൻ

ന്യൂഡല്‍ഹി: അടുത്ത 15 വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ. ഏകദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനിനൊപ്പം ഒരു പൊതുചടങ്ങിൽ പങ്കെടുക്കവെയാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‍വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിയെന്ന് നിർമ്മല സീതാരാമൻ പറഞ്ഞു.

ഇന്ത്യ അടുത്തിടെ യുകെയെ മറികടന്ന് ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറിയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. വരുന്ന 10 മുതൽ 15 വർഷത്തിനുള്ളിൽ ആഗോളതലത്തിലെ മികച്ച മൂന്ന് സമ്പദ്‍വ്യവസ്ഥകളിലൊന്നായി രാജ്യം മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു. 

യുഎസ് ട്രഷറി സെക്രട്ടറി ജാനറ്റ് യെല്ലനുമായി ഇന്ത്യ-യുഎസ് ബന്ധത്തിന്‍റെ പ്രാധാന്യം ധനമന്ത്രി പങ്കുവെച്ചു. വിശ്വസ്ത പങ്കാളിയെന്ന നിലയിൽ അമേരിക്കയുമായുള്ള ബന്ധത്തെ ഇന്ത്യ അഗാധമായി വിലമതിക്കുന്നുവെന്നും നിർമ്മല സീതാരാമൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്‍റ് ജോ ബൈഡനും തമ്മിലുള്ള ഇടയ്ക്കിടെയുള്ളതും ശ്രദ്ധേയവുമായ ആശയവിനിമയങ്ങൾ ഇന്ത്യ-യുഎസ് ബന്ധത്തിന് പുതിയ മാനം നൽകിയിട്ടുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേർത്തു.