ഭാവിയിൽ മെഡിക്കൽ ടൂറിസത്തിന്റെ ആഗോള ഹബ്ബായി ഇന്ത്യ മാറുമെന്ന് ഡോ. മൻസുഖ് മാണ്ഡവ്യ
അഹമ്മദ് നഗർ: അഹമ്മദ് നഗറിൽ നടന്ന ചടങ്ങിൽ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഡോ. മൻസുഖ് മാണ്ഡവ്യ ഒന്നിലധികം ആരോഗ്യ അടിസ്ഥാന സൗകര്യ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിച്ചു. അഹമ്മദ് നഗറിലെ മൂന്ന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും വിഖെ പാട്ടീൽ ന്യൂക്ലിയർ മെഡിസിൻ സെന്‍ററും വെർച്വലായി ഉദ്ഘാടനം ചെയ്തു.
ആരോഗ്യ അടിസ്ഥാനസൗകര്യങ്ങളിലെ നിക്ഷേപത്തിലൂടെ ഇന്ത്യ ആരോഗ്യകരവും സമൃദ്ധവുമായ ഭാവിയിലേക്കാണ് നീങ്ങുന്നതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. റാലെഗൻ സിദ്ധി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ പ്രധാന കെട്ടിടത്തിന്‍റെയും സ്റ്റാഫ് ക്വാർട്ടേഴ്സിന്‍റെയും നിർമ്മാണം ഡോ.മാണ്ഡവ്യ ഉദ്ഘാടനം ചെയ്തു.
702 ലക്ഷം രൂപ ചെലവിലാണ് പിഎച്ച്സി കോംപ്ലക്സ് നിർമ്മിക്കുന്നത്. ഖാർദയിൽ 560 ലക്ഷം രൂപ ചെലവിൽ നിർമ്മിച്ച പി.എച്ച്.സിയുടെ പ്രധാന കെട്ടിടവും സ്റ്റാഫ് ക്വാർട്ടേഴ്സും, 214 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച പധേഗാവിലെ പി.എച്ച്.സിയുടെ പ്രധാന കെട്ടിടത്തിന്‍റെ ഉദ്ഘാടനവും ആരോഗ്യമന്ത്രി നിർവഹിച്ചു. ഡോ വിഖെ പാട്ടീൽ ന്യൂക്ലിയർ മെഡിസിൻ സെന്‍ററിൽ സമഗ്ര അർബുദ പരിചരണത്തിനുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.