ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് പിയൂഷ് ഗോയൽ

ന്യൂഡൽഹി: ഇന്ത്യ ആഗോള സമ്പദ്‍വ്യവസ്ഥയുടെ തിരിച്ചു വരവിന്റെ നെടുംതൂണായി മാറുമെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഇന്ത്യയ്ക്ക് സുസ്ഥിരമായ വളർച്ചയാണ് ഉണ്ടാവുന്നത്. വൻ സമ്പദ്‍വ്യവസ്ഥകളിൽ അതിവേഗത്തിൽ വളരുന്നത് ഇന്ത്യയാണെന്നും അദ്ദേഹം പറഞ്ഞു.

ബംഗാൾ ചേംബർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഗോയൽ. 2047ഓടെ 30 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുകയെന്ന ലക്ഷ്യം ഇന്ത്യ കൈവരിക്കുമെന്നും ഗോയൽ പറഞ്ഞു. നിലവിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയുടേത്. വരും വർഷങ്ങളിൽ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറും.

“2047ഓടെ 30 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയാക്കി ഇന്ത്യയെ മാറ്റുകയാണ് നമ്മുടെ ലക്ഷ്യം. കൃഷി, നിർമ്മാണം, കെട്ടിട നിർമ്മാണം തുടങ്ങിയ മേഖലകൾ മികച്ച പ്രവർത്തനമാണ് നടത്തുന്നത്. കോവിഡ് പ്രതിസന്ധിയെ ഫലപ്രദമായി പ്രതിരോധിച്ച സമ്പദ്‍വ്യവസ്ഥയാണ് ഇന്ത്യ.” അദ്ദേഹം പറഞ്ഞു. നിർമ്മാണ മേഖലയുടെ ഒരു ഹബ്ബാക്കി ഇന്ത്യയെ മാറ്റാൻ വ്യവസായികൾ ഇവിടെ നിക്ഷേപം നടത്തണമെന്നും പിയൂഷ് ഗോയൽ അഭ്യർഥിച്ചു. 5ജിയുടെ വരവ് സമ്പദ്‍വ്യവസ്ഥക്ക് 450 ബില്യൺ ഡോളർ നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.