ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയായി മാറുമെന്ന് ഐഎംഎഫ്

ന്യൂഡൽഹി: കഴിഞ്ഞ സാമ്പത്തിക വർഷം വെറും 10 ബില്യൺ ഡോളറിന്‍റെ മാർജിനിൽ ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയെന്ന സ്ഥാനം ഇന്ത്യയ്ക്ക് നഷ്ടപ്പെട്ടു. ബ്ലൂംബെർഗിന്‍റെ റിപ്പോർട്ട് പ്രകാരം, 2022 ജനുവരി-മാർച്ച് പാദത്തിൽ അഞ്ചാം സ്ഥാനത്തുള്ള യുകെയെ ഇന്ത്യ മറികടന്നു.

നടപ്പു സാമ്പത്തിക വർഷത്തിൽ ഇന്ത്യ യുകെയെ മറികടക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്. ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് അനുസരിച്ച്, 2027-28 ഓടെ ഇന്ത്യ ലോകത്തിലെ മൂന്നാമത്തെ വലിയ സമ്പദ്‍വ്യവസ്ഥയായി മാറുമെന്ന് അന്താരാഷ്ട്ര നാണയ നിധി പ്രതീക്ഷിക്കുന്നു. 2025-26ൽ ജർമ്മനിക്കൊപ്പം ഇന്ത്യയുമെത്തും.

എന്നാൽ കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നതുപോലെ രാജ്യം 5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി മാറില്ല. സമ്പദ്‍വ്യവസ്ഥയുടെ വലുപ്പം 4.94 ട്രില്യൺ ഡോളറായിരിക്കും. എന്നാൽ അടുത്ത വർഷം 5.17 ട്രില്യൺ വലുപ്പമുള്ള ജപ്പാനെ ഇന്ത്യ മറികടക്കും. ഇന്ത്യ 5.36 ട്രില്യൺ ഡോളർ സമ്പദ് വ്യവസ്ഥയായി മാറുമെന്നാണ് ഐഎംഎഫ് കണക്കാക്കുന്നത്. 2028 ഓടെ, യുഎസ് 30.28 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി വളരുകയും ചൈന 28.25 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥയായി വളരുകയും ആദ്യ രണ്ട് സ്ഥാനങ്ങൾ നിലനിർത്തുകയും ചെയ്യും.