രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ; ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ച

ചിറ്റൊഗ്രാം: ബംഗ്ലാദേശിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിൻ്റെ രണ്ടാം ദിനം സ്വന്തമാക്കി ഇന്ത്യ. രണ്ടാം ദിനം കളിയവസാനിക്കുമ്പോള്‍ ബംഗ്ലാദേശ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സ് എന്ന നിലയിലാണ്. ഇന്ത്യയുടെ സ്‌കോര്‍ മറികടക്കാന്‍ ബംഗ്ലാദേശിന് ഇനിയും 271 റണ്‍സ് വേണം. നാല് വിക്കറ്റെടുത്ത സ്പിന്നര്‍ കുല്‍ദീപ് യാദവാണ് ആതിഥേയരെ തകർത്തത്.

രണ്ടാം ദിനം 278 റണ്‍സിന് ആറ് വിക്കറ്റ് എന്ന നിലയില്‍ ബാറ്റിങ് ആരംഭിച്ച ഇന്ത്യ 404 റൺസിന് ഓൾ ഔട്ടായി. 90 റൺസെടുത്ത ചേതേശ്വർ പൂജാരയാണ് ഇന്ത്യയുടെ ടോപ് സ്കോറർ. ശ്രേയസ് അയ്യർ 86 റൺസെടുത്തു. രവിചന്ദ്രൻ അശ്വിനും കുൽദീപ് യാദവും ചേർന്നാണ് ഇന്ത്യയെ 400 കടക്കാൻ സഹായിച്ചത്. അശ്വിൻ 58 റൺസും കുൽദീപ് 40 റൺസും നേടി.

ബംഗ്ലാദേശിനായി മെഹ്ദി ഹസനും തൈജുൽ ഇസ്ലാമും നാല് വിക്കറ്റ് വീതം വീഴ്ത്തി. ഖാലിദ് അഹമ്മദും ഇബാദത്ത് ഹുസൈനും ഓരോ വിക്കറ്റ് വീതവും നേടി.