90-ാം പിറന്നാൾ ആഘോഷിച്ച് ഇന്ത്യൻ വ്യോമസേന

ചണ്ഡീഗഡ്: ഇന്ത്യൻ വ്യോമസേനയുടെ 90-ാം ജൻമദിനമാണ് ഇന്ന്. ചണ്ഡീഗഢിൽ നടന്ന ആഘോഷങ്ങളുടെ ഭാഗമായി 3,000 അഗ്നിവീറുകളെ ഈ വർഷം സേനയിൽ ഉൾപ്പെടുത്തുമെന്ന് വ്യോമസേനാ മേധാവി പ്രഖ്യാപിച്ചു. പുതിയ കാലം ലക്ഷ്യമാക്കി മാറുക, ഭാവിയ്ക്കായി ആധുനികവൽക്കരിക്കുക എന്ന പ്രഖ്യാപനത്തോടെയാണ് വ്യോമസേനാ ദിന പരിപാടികൾക്ക് തുടക്കമായത്.

വരും വർഷങ്ങളിൽ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ വ്യോമസേനാ ദിനാചരണം നടത്തുമെന്ന് എയർ ചീഫ് മാർഷൽ വി ആർ ചൗധരി അറിയിച്ചു. സാധാരണ വേദിയായ ഗാസിയാബാദിലെ ഹിൻഡൺ എയർബേസിന് പകരം ഡൽഹിക്ക് പുറത്ത് ചണ്ഡിഗഡിലെ സുഖ്ന എയർബേസിലാണ് പരിപാടി നടക്കുന്നത്. പരേഡിൽ എയർ ചീഫ് മാർഷൽ വി ആർ ചൗധരി സല്യൂട്ട് സ്വീകരിച്ചു.  വ്യോമസേനയുടെ പുതിയ കോംബാറ്റ് യൂണിഫോം ചടങ്ങിൽ പ്രകാശനം ചെയ്തു.  പുതിയ യൂണിഫോം ചാരനിറത്തിലാണ്. നിലവിൽ, ഈ യൂണിഫോം ഗ്രൗണ്ട് ഡ്യൂട്ടിക്ക് ഉപയോഗിക്കും.

വ്യോമസേനയ്ക്ക് കീഴിൽ ഒരു പുതിയ ആയുധ വിഭാഗത്തിന് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ടെന്നും ഈ വർഷം 3,000 അഗ്നീവീറുകളെ സേനയിൽ ഉൾപ്പെടുത്തുമെന്നും അടുത്ത വർഷം മുതൽ സ്ത്രീകൾക്കും സേനയിൽ ചേരാമെന്നും വ്യോമസേനാ മേധാവി പറഞ്ഞു.