കടലിൽ കുടുങ്ങിയ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ രക്ഷിച്ച് ഇന്ത്യൻ കോസ്റ്റ് ഗാർഡ്
ന്യൂഡല്‍ഹി: സിട്രാംഗ് ചുഴലിക്കാറ്റിൽ കുടുങ്ങിയ ബംഗ്ലാദേശി മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി ഇന്ത്യൻ കോസ്റ്റ് ഗാർഡ്. ചുഴലിക്കാറ്റ് രൂപപ്പെട്ടതിനെ തുടർന്ന് ഇന്ത്യൻ കോസ്റ്റ് ഗാർഡിന്‍റെ ഡോർണിയർ വിമാനം നിരീക്ഷണം നടത്തുന്നതിനിടെയാണ് മത്സ്യത്തൊഴിലാളികളെ കടലിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയത്. മത്സ്യബന്ധന ബോട്ട് മുങ്ങിയതിനെ തുടർന്ന് തൊഴിലാളികൾ ഒഴുകുന്ന അവശിഷ്ടങ്ങളിൽ പിടിച്ച് കിടക്കുകയായിരുന്നു. ഇന്‍റർനാഷണൽ മാരിടൈം ബോർഡർ ലൈനിന് (ഐഎംബിഎൽ) സമീപമുള്ള സാഗർ ദ്വീപിലെ കടലിലാണ് ഇവർ കുടുങ്ങിയത്.
തൊഴിലാളികളെ കണ്ടെത്തിയ ഉടൻ തന്നെ അവർക്ക് ലൈഫ് റാഫ്റ്റ് നൽകി. മലേഷ്യൻ തുറമുഖത്ത് നിന്ന് എത്തിയ വാണിജ്യ കപ്പൽ വഴിതിരിച്ചുവിട്ട് തൊഴിലാളികളുടെ അടുത്ത് എത്തിച്ചാണ് രക്ഷപ്പെടുത്തിയത്. തുടർന്ന് ഇവരെ കോസ്റ്റ് ഗാർഡ് കപ്പലായ വിജയയിൽ എത്തിച്ചു. കപ്പലിലെ മെഡിക്കൽ ഓഫീസർ മത്സ്യത്തൊഴിലാളികളെ പരിശോധിച്ചു. ഇന്ത്യൻ കോസ്റ്റ് ഗാർഡും ബംഗ്ലാദേശ് കോസ്റ്റ് ഗാർഡും തമ്മിൽ ഒപ്പുവച്ച കരാർ പ്രകാരം തൊഴിലാളികളെ ബംഗ്ലാദേശിന് കൈമാറും.
സിട്രാംഗ് ചുഴലിക്കാറ്റ് ബംഗ്ലാദേശിന്‍റെ പല ഭാഗങ്ങളിലും നാശം വിതച്ചു. അസമിലെ 83 ഗ്രാമങ്ങളിൽ നിന്നുള്ള 1,146 ലധികം പേരെ ചുഴലിക്കാറ്റ് ബാധിച്ചതായി അസം ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.