ഇന്ത്യൻ കമ്പനികൾ റഷ്യൻ കൽക്കരി വാങ്ങുന്നത് ഏഷ്യൻ കറൻസികൾ ഉപയോഗിച്ച്

റഷ്യയിൽ നിന്ന് എണ്ണയും കൽക്കരിയും വാങ്ങുന്നത് യുക്രൈനിൽ യുദ്ധം ആരംഭിച്ചതിനുശേഷം ഇന്ത്യ ഗണ്യമായി വർധിപ്പിച്ചിട്ടുണ്ട്. റഷ്യൻ കൽക്കരി ഇറക്കുമതിക്ക് പണം നൽകാൻ ഇന്ത്യൻ കമ്പനികൾ യുഎസ് ഡോളർ ഒഴിവാക്കി ഏഷ്യൻ കറൻസികൾ ആണ് കൂടുതലായി ഉപയോഗിക്കുന്നത് എന്നാണ് കസ്റ്റംസ് രേഖകളും വ്യവസായ മേഖലകളിൽ നിന്നുള്ള സ്രോതസ്സുകളും സൂചിപ്പിക്കുന്നത്.

കണക്കുകൾ പരിശോധിച്ചാൽ, ജൂലൈയിൽ റഷ്യ ഇന്ത്യയിലെ മൂന്നാമത്തെ വലിയ കൽക്കരി വിതരണക്കാരായി മാറിയിരിക്കുകയാണ്. ഇറക്കുമതിയിൽ ജൂണിനെ അപേക്ഷിച്ച് 2.06 ദശലക്ഷം ടണ്ണിന്‍റെ വർദ്ധനവാണ് രേഖപ്പെടുത്തിയത്. ജൂണിൽ ഇന്ത്യൻ വ്യാപാരികൾ ഡോളർ ഒഴികെയുള്ള കറൻസികൾ ഉപയോഗിച്ച് 742,000 ടൺ റഷ്യൻ കൽക്കരി വാങ്ങിയിരുന്നു.

കസ്റ്റംസ് രേഖകൾ പ്രകാരം യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് ദിർഹം, ഹോങ്കോംഗ് ഡോളർ, യൂവാൻ, യൂറോ എന്നീ കറൻസികൾ ഉപയോഗിച്ച് ഇന്ത്യൻ സ്റ്റീൽ നിർമ്മാതാക്കളും സിമന്റ് നിർമ്മാതാക്കളും റഷ്യൻ കൽക്കരി വാങ്ങിയിട്ടുണ്ട്.