ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി പുനഃസംഘടിപ്പിക്കാൻ തീരുമാനം

മുംബൈ: ടി20 ലോകകപ്പിന് ശേഷം ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ സെലക്ഷൻ കമ്മിറ്റി പുനഃസംഘടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. ചെയർമാൻ ചേതൻ ശർമ അധ്യക്ഷനായ സെലക്ഷൻ കമ്മിറ്റിയുടെ പ്രകടനം പ്രതീക്ഷയ്ക്കൊത്ത് ഉയരുന്നില്ലെന്നാണ് ബിസിസിഐയുടെ വിലയിരുത്തൽ. ദക്ഷിണ മേഖലാ സെലക്ടർ സുനിൽ ജോഷി ഒഴികെ മറ്റെല്ലാവരെയും മാറ്റാനാണ് നീക്കം. പുതിയ ക്രിക്കറ്റ് ഉപദേശക സമിതിയെ തിരഞ്ഞെടുത്ത ശേഷം സെലക്ഷൻ കമ്മിറ്റി പുനസംഘടിപ്പിക്കും.

ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കും തീരുമാനങ്ങൾ. “ചേതൻ ശർമ്മയിൽ അധികമാരും സന്തുഷ്ടരല്ല. ബിസിസിഐ പുതിയ ഉപദേശക സമിതിയെ തിരഞ്ഞെടുക്കുന്നത് വരെ ചേതൻ ശർമ തുടരും,” ബിസിസിഐയിലെ ഒരു ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു. 

ഇന്നലെ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ് ബിസിസിഐയുടെ പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തത്. സൗരവ് ഗാംഗുലിക്ക് പകരം മുൻ ഇന്ത്യൻ ഓൾറൗണ്ടർ റോജർ ബിന്നി അധ്യക്ഷനാകും. 1983ലെ ഏകദിന ലോകകപ്പ് നേടിയ ടീമിന്‍റെ ഭാഗമായിരുന്ന ബിന്നി ബിസിസിഐയുടെ 36ാമത് പ്രസിഡന്‍റാണ്. ജയ് ഷാ സെക്രട്ടറിയായി തുടരും. ജയ് ഷായുടെ തുടർച്ചയായ രണ്ടാം തവണയാണ് ഇത്. ആശിഷ് ഷെലാർ ട്രഷററായും രാജീവ് ശുക്ല വൈസ് പ്രസിഡന്‍റായും ദേവ്ജിത് സൈക്കിയ ജോയിന്‍റ് സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. നിലവിലെ ട്രഷററായ അരുണ്‍ ദുമാനെ ഐപിഎൽ ചെയർമാനായി തിരഞ്ഞെടുത്തു. ബ്രിജേഷ് പട്ടേലിന് പകരക്കാരനായാണ് അദ്ദേഹം എത്തുക.