വളർത്തുമൃഗങ്ങളായ കരിമ്പുലിയെയും ജാഗ്വാറിനെയും നാട്ടിലെത്തിക്കാൻ സഹായം തേടി ഇന്ത്യന്‍ ഡോക്ടര്‍

വാര്‍സോ(പോളണ്ട്): യുക്രൈനില്‍ നിന്ന് ജാഗ്വാർ ഉൾപ്പെടെയുള്ള തന്‍റെ വളർത്തുമൃഗങ്ങളെ തിരികെ കൊണ്ടുവരാൻ സഹായിക്കണമെന്ന് ആന്ധ്രാപ്രദേശിൽ നിന്നുള്ള ഡോക്ടർ ഗിഡികുമാര്‍ പാട്ടീല്‍ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിച്ചു. യുക്രൈനിലെ റഷ്യൻ അധിനിവേശകാലത്ത് ഇന്ത്യയിലേക്ക് മടങ്ങാൻ താൻ നിർബന്ധിതനായെന്നും വളർത്തുമൃഗങ്ങളെ കൂടെ കൂട്ടാന്‍ അനുവദിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

വളർത്തുമൃഗങ്ങളുടെ സവിശേഷതകൾ കാരണം ഡോക്ടർ ജാഗ്വാർ കുമാർ എന്നാണ് അറിയപ്പെടുന്നത്. യഷ എന്ന ജാഗ്വാറും സബ്രീന എന്ന കറുത്ത പുള്ളിപ്പുലിയുമാണ് അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട മൃഗങ്ങൾ. ഡോക്ടർ തന്‍റെ മൃഗങ്ങളെ ‘അമൂല്യമായ പൂച്ചകള്‍’ എന്ന് വിശേഷിപ്പിക്കുന്നു. അവരെ സുരക്ഷിതമായി തിരിച്ചെത്തിച്ച് സ്വന്തം പരിചരണത്തിലേക്ക് തിരികെ കൊണ്ടുവരിക എന്നതാണ് തന്‍റെ പ്രഥമ പരിഗണനയെന്ന് അദ്ദേഹം പറഞ്ഞു.

യുക്രൈന്‍ പൗരത്വമുള്ള ഡോക്ടര്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ട കാലത്ത് സെവറോഡോണെസ്‌കിലെ ആശുപത്രിയില്‍ ജോലി ചെയ്യുകയായിരുന്നു. യുദ്ധസമയത്ത് ആശുപത്രി അടച്ചുപൂട്ടുകയും പിന്നീട് തകർക്കുകയും ചെയ്തു. അപ്പോഴാണ് ഡോക്ടർക്ക് യുക്രൈൻ വിടേണ്ടി വന്നത്.

തുടർന്ന് ഉപജീവനത്തിനായി ഡോക്ടർ പോളണ്ടിലേക്ക് പോയി. മൃഗങ്ങൾക്ക് ഭക്ഷണം നൽകാൻ പോലും കഴിയാതെ വന്നതിനെ തുടർന്ന് വളർത്തുമൃഗങ്ങളെ ഒരു പ്രാദേശിക കർഷകന് നൽകി. മൃഗങ്ങളെ തിരികെ കൊണ്ടുവരാൻ അദ്ദേഹം ഉക്രൈനിലെ ഇന്ത്യൻ എംബസിയുടെ സഹായം തേടിയെങ്കിലും ഫലമുണ്ടായില്ല. ഇന്ത്യൻ സർക്കാർ ഇടപെട്ടാൽ തന്‍റെ മൃഗങ്ങളെ തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഡോക്ടർ പറയുന്നു.